ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് സാഹചര്യം മോശമാകുന്ന തക്കം നോക്കി വീണ്ടും കൈയേറ്റ ശ്രമം ആരംഭിച്ച് ചൈന. കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിന്ന് ഫെബ്രുവരി മാസത്തിലാണ് ചൈന പിൻമാറ്റം ആരംഭിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ കൊവിഡ് സാഹചര്യം രൂക്ഷമായതോടെ ശ്രദ്ധ മാറിയ തക്കത്തിന് വീണ്ടും ഇവിടങ്ങളിൽ ചൈനീസ് സൈന്യം കൈയേറ്റം തുടങ്ങി. ഇവിടെ സ്ഥിരതാമസത്തിന് കെട്ടിടങ്ങളും സംഭരണ കേന്ദ്രങ്ങളും നിർമ്മിക്കുന്നതായാണ് വിവരം. ചൈനീസ് പിന്മാറ്റത്തിനായി ഇരുവിഭാഗങ്ങളും തമ്മിൽ സമാധാന ചർച്ചകൾ നടക്കുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം.
അക്‌സായ് ചിനിന് വടക്ക് കാംഗ്സിവാറിലാണ് പുതിയ ചൈനീസ് നിർമ്മിതികൾ എന്നാണ് ലഭ്യമായ വിവരം. ചൈന ഇത്തരത്തിൽ നിർമ്മാണം നടത്തുന്നത് ദീർഘകാലത്തേക്ക് ഇവിടെ തങ്ങാനാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം. ചൈനീസ് സർക്കാർ ഇന്ത്യയ്‌ക്ക് കൊവിഡ് കാലത്തേക്ക് വേണ്ട ഓക്‌സിജനും മരുന്നുകളും സഹായമായി നൽകാമെന്ന എന്ന വാഗ്‌ദാനം നടത്തിയ സമയത്ത് തന്നെയാണ് ചൈനീസ് സൈന്യം കൈയേറ്റം നടത്തി പ്രകോപനം സൃഷ്‌ടിക്കുന്നത്.
ബലമേറിയ കെട്ടിടങ്ങൾ തന്നെയാണ് ചൈന നിർമ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായ സ്ഥലത്തിന് വളരെ അടുത്താണ് ഈ നിർമ്മാണങ്ങൾ. 2020 മേയ് അഞ്ചിനായിരുന്നു ലഡാക്കിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായത്.
കാംഗ്സിവാറിൽ പതിനായിരം സൈനികരെയാണ് ആദ്യം ചൈന നിയമിച്ചത്. ഇതിനുപുറമെ പതിനായിരം സൈനികരെ കൂടി ഇപ്പോൾ ചൈന നിയോഗിച്ചിരിക്കുകയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരം. ലഡാക്കിലെ ഡെപ്‌സാംഗിൽ നിന്നും ദൗലത്ത് ബേഗ് ഓൾഡിയിൽ നിന്നും പിന്മാറാൻ ഉദ്ദേശ്യമില്ലെന്ന് തന്നെയാണ് ചൈനീസ് സൈന്യത്തിന്റെ പുതിയ നീക്കത്തിലൂടെ ചൈന അർത്ഥമാക്കുന്നത്.