lock-down

വാഷിംഗ്ടൺ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ കുറച്ച് ആഴ്ചകൾ പൂർണമായി അടച്ചുപൂട്ടണമെന്ന് യു എസ് കൊവിഡ് വിദഗ്ദ്ധൻ ഡോ. ആന്റണി എസ് ഫൗചി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബൈഡെൻ അഡ്മിനിസ്‌ട്രേഷന്റെ ചീഫ് മെഡിക്കൽ ഉപദേഷ്ടാവായ ഫൗചി ഇക്കാര്യം പറഞ്ഞത്.

ഒരു രാജ്യവും സ്വയം പൂട്ടിയിടാൻ ആഗ്രഹിക്കുന്നില്ല. സമ്പദ്ഘടനയെ മോശമായി ബാധിക്കുമെന്നതിനാലാണ് അത്. എന്നാൽ വളരെ ബുദ്ധിമുട്ടുള്ളതും, നിരാശാജനകവുമായ ഈ അവസ്ഥയിൽ കുറച്ച് ആഴ്ചകൾ ഇന്ത്യ അടച്ചുപൂട്ടണം.ഇതുവഴി രോഗവ്യാപനം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഉടനടി പ്രശ്‌നത്തിൽ ഇടപെടണം.തെരുവിലെ ചിലരിൽ നിന്ന് അവരുടെ മാതാപിതാക്കളും സഹോദരങ്ങളും ഓക്‌സിജൻ തേടി അലയുകയാണെന്ന് ഞാൻ കേട്ടു. ഒരു സംഘടനയും ഇല്ലായിരുന്നുവെന്ന് അവർ കരുതുന്നു.

നിങ്ങൾക്ക് ഇപ്പോൾ ഉടനടി എന്താണ് ചെയ്യാൻ കഴിയുക എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന എളുപ്പമുള്ള പരിഹാരം എന്താണ്? രോഗവ്യാപനം തടയാൻ നിങ്ങൾക്ക് ചെയ്യാനാകുന്ന ഒരു കാര്യം അടച്ചുപൂട്ടുക തന്നെയാണ്. നിങ്ങൾ ഇത് ഒന്നിലധികം വ്യത്യസ്ത ഘട്ടങ്ങളിൽ ഇത് പ്രയോഗിക്കേണ്ടി വരും.- അദ്ദേഹം പറഞ്ഞു

ആളുകൾക്ക് വാക്‌സിനേഷൻ നൽകുന്നത് തീർച്ചയായും അത്യന്താപേക്ഷിതമാണ്.ഓക്സിജൻ ആവശ്യമുള്ള, ആശുപത്രിയിൽ പ്രവേശനം ആവശ്യമുള്ള, വൈദ്യസഹായം ആവശ്യമുള്ള ആളുകളുടെ പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ പറ്റുന്നതല്ല. ഇപ്പോൾ ആളുകളെ പരിപാലിക്കുക. ഓക്സിജൻ എങ്ങനെ കിട്ടുമെന്ന് ഒരു പദ്ധതി തയ്യാറാക്കാൻ നിങ്ങൾക്ക് എന്തെങ്കിലും കമ്മീഷനോ അടിയന്തര ഗ്രൂപ്പോ ലഭിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.നമുക്ക് എങ്ങനെ സാധനങ്ങൾ ലഭിക്കും? എങ്ങനെ മരുന്നുകൾ ലഭിക്കും? ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ മറ്റു രാജ്യങ്ങളോട് സഹായം അഭ്യർത്ഥിക്കാം.

രണ്ടാമത്തെ കാര്യം, നിങ്ങൾക്ക് സർക്കാരിന്റെ വിവിധ ഗ്രൂപ്പുകളെ അണിനിരത്താനാകും. ഉദാഹരണത്തിന് സൈന്യത്തിന്റെ പങ്ക് എന്താണ്? സൈന്യത്തിന് വന്ന് സഹായിക്കാൻ കഴിയുമോ? പ്രതിരോധ കുത്തിവയ്പുകൾ നൽകാനായി യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ ദേശീയ ഗാർഡ് ഞങ്ങളെ സഹായിക്കാൻ ഉണ്ടായിരുന്നു.

നിങ്ങളുടെ ആളുകളിൽ രണ്ട് ശതമാനം പേർക്ക് മാത്രമേ വാക്‌സിനേഷൻ നൽകിയിട്ടുള്ളൂ. ഇതാണ് ഞാൻ കേട്ടത്. അത് കൃത്യമാണോയെന്ന് എനിക്കറിയില്ല. രണ്ട് ഡോസുകളും ലഭിച്ചവരുടെ എണ്ണം 2% ആണ്, 11% പേർക്ക് ഒരു ഡോസ് ലഭിച്ചുവെന്നാണ് കേട്ടത്. ഇത് ശരിയാണെങ്കിൽ, ഇന്ത്യയിലെ ആളുകളെ സംരക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഒരുപാട് ദൂരം പോകേണ്ടതുണ്ട്. വാക്‌സിനുകൾ ലഭിക്കുന്നതിന് വേണ്ടത് ചെയ്യണം. ലോകത്തിലെ ഏറ്റവും കൂടുതൽ വാക്‌സിൻ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. അതാണ് കാര്യം, വാക്‌സിനുകൾ നിർമ്മിക്കാനുള്ള നിങ്ങളുടെ കഴിവുകൾ ഉപയോഗപ്പെടുത്തണം.- അദ്ദേഹം പറഞ്ഞു.