പാലക്കാട്: കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സംസ്ഥാനത്ത് വീണ്ടും ഓക്‌സിജൻ ക്ഷാമമെന്ന് പരാതി. പാലക്കാട് ജില്ലയിലെ ആശുപത്രികളിലാണ് വേണ്ടത്ര ഓക്‌സിജൻ ഇല്ലാത്തത്. സംസ്ഥാനത്താകെ ഓക്‌സിജൻ വിതരണം നടത്തുന്നത് ജില്ലയിലെ കഞ്ചിക്കോട്ടുളള പ്ളാന്റിൽ നിന്നാണ്. പാലക്കാട് ജില്ലയിലെ സ്വകാര്യ ആശുപത്രികളാണ് പരാതിപ്പെട്ടിരിക്കുന്നത്. നൂറിലേറെ കൊവിഡ് രോഗികളാണ് വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുളളത്.
അറുപതിലധികം രോഗികളാണ് ഓക്‌സിജൻ ആവശ്യമായി പാലന ആശുപത്രിയിൽ ഉളളത്. ഇവിടെയുൾപ്പടെ വിവിധ ആശുപത്രികളിൽ ഓക്‌സിജൻ ലഭിക്കാതെ വരുന്നത് രോഗികളുടെ ബന്ധുക്കൾക്ക് വലിയ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. സംഭവത്തിൽ ജില്ലാ കളക്‌ടർ ഡി.എം.ഒ ഉൾപ്പടെയുളളവരുടെ യോഗം വിളിച്ചു ചേർത്ത് തടസമില്ലാത്ത ഓക്‌സിജൻ വിതരണത്തിന് നടപടിയെടുത്തു.
എന്നാൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന ഇടനിലക്കാരുണ്ടാക്കുന്ന പ്രശ്‌നമാണെന്നും തങ്ങളുടെ ഭാഗത്ത് നിന്നും നിർമ്മാണത്തിൽ കുറവൊന്നുമില്ലെന്ന് കഞ്ചിക്കോട്ടെ ഓക്‌സിജൻ പ്ളാന്റ് അധികൃതർ അറിയിച്ചു.