woman-dies

നോയിഡ: കൊവിഡ് ബാധിതയായ യുവതിയ്ക്ക് ആശുപത്രിയ്ക്ക് സമീപം നിർത്തിയിട്ട കാറിൽ ദാരുണാന്ത്യം. മുപ്പത്തിയഞ്ചുകാരിയായ ജഗൃതി ഗുപ്തയാണ് മരിച്ചത്. നോയിഡയിലെ സർക്കാർ ആശുപത്രിയുടെ പാർക്കിംഗിലാണ് സംഭവം. ആശുപത്രിയിലേക്ക് അധികൃതർ യുവതിയ്ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. മൂന്ന് മണിക്കൂറോളമാണ് പുറത്ത് കാറിൽ കാത്തിരുന്നത്.

ജഗൃതി ഗുപ്തയുടെ ഭർത്താവും രണ്ട് മക്കളും മദ്ധ്യപ്രദേശിലാണ് താമസം. ഗ്രേറ്റർ നോയിഡയിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു ജഗൃതി. യുവതി ഇവിടെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ മുപ്പത്തിയഞ്ചുകാരിയെ വീട്ടുടമസ്ഥനാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതർ കിടക്ക ഒഴിവില്ലെന്നും പറഞ്ഞാണ് യുവതിയ്ക്ക് പ്രവേശനം നിഷേധിച്ചത്. വീട്ടുടമസ്ഥൻ സഹായം അഭ്യർത്ഥിച്ച് ഓടിനടക്കുകയായിരുന്നു. ഈ സമയം യുവതി കാറിലായിരുന്നു. മൂന്ന് മണിക്കൂറ് കാത്തിരുന്നിട്ടും സഹായം ലഭിച്ചില്ല. ഒടുവിൽ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. കിടക്കകളുടെയും ഓക്‌സിജന്റെയും അഭാവം മൂലം ആളുകൾ രോഗികളുമായി ദൂരസ്ഥലങ്ങളിലുള്ള ആശുപത്രികളിൽ പോകാൻ നിർബന്ധിതരാകുകയാണ്.