തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യു ഡി എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രൊഫസർ തോമസ് ജോസഫ്. ദീർഘകാലം ഐ ഐ എം ഉദയ്‌പൂർ അദ്ധ്യാപകനായിരുന്ന ഡോ തോമസ് ജോസഫാണ് കേരളത്തിൽ യു ഡി എഫിന്റെ ബൂത്തുതല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 2011 മുതലുളള നിയമസഭ - ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി പഠിച്ച ശേഷമാണ് താൻ ഇക്കാര്യം പറയുന്നതെന്നാണ് തോമസ് ജോസഫ് പറയുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ വോട്ടുകൾ യു ഡി എഫിന് തൊട്ടുപിന്നാലെ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ കിട്ടുന്ന രീതിയാണ് കേരളത്തിലുളളതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി തോമസ് പറയുന്നു. 2009ൽ 76 ലക്ഷം വോട്ട് കിട്ടിയത് 2011ൽ 78 ലക്ഷമായി. 2014ൽ 76 ലക്ഷം കിട്ടിയത് 2016ൽ 78 ലക്ഷമായെന്നും തോമസ് ജോസഫ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൊത്തം രണ്ടു കോടി മൂന്ന് ലക്ഷം വോട്ടുകൾ പോൾ ചെയ്‌തതിൽ യു ഡി എഫിന് 95 ലക്ഷം വോട്ടും ഇടതുമുന്നണിക്ക് 71 ലക്ഷം വോട്ടും കിട്ടി. 123 നിയമസഭ മണ്ഡലങ്ങളിൽ യു ഡി എഫ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ മുന്നിട്ടുനിന്നു.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു കോടി എട്ടു ലക്ഷത്താളം വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ടാവും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ 95 ലക്ഷത്തിൽ നിന്ന് പത്ത് ലക്ഷം വോട്ടുകൾ കുറഞ്ഞാലും യു ഡി എഫിന് 85 ലക്ഷം വോട്ടുണ്ടാവും. അതേസമയം, പത്ത് ലക്ഷം വോട്ടുകൾ കൂടിയാലും എൽ ഡി എഫിന് 81 ലക്ഷം വോട്ടുകളേ ലഭിക്കുകയുളളൂവെന്ന് അദ്ദേഹം പറയുന്നു.
യു ഡി എഫിന് വോട്ടുകൾ കുറയാനുളള സാഹചര്യമില്ല. ഗ്രൂപ്പ് വൈരം മറന്ന് മികച്ച സ്ഥാനാർത്ഥികളെയാണ് യു ഡി എഫ് രംഗത്തിറക്കിയത്. കളളവോട്ടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നതാണ് മറ്റൊരു നിർണായക ഘടകം. ഒരാൾ ഒരു വോട്ടു മാത്രമേ ചെയ്‌തിട്ടുളളൂവെങ്കിൽ യു ഡി എഫിന് 110 സീറ്റു വരെ കിട്ടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിന്റെ പൊരുൾ ഇതാണെന്നും തോമസ് ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലേതുപോല ഇക്കുറിയും ന്യൂനപക്ഷ വോട്ടുകൾ യു ഡി എഫ് അക്കൗണ്ടിലേക്ക് വരുമെന്നും തോമസ് കൂട്ടിച്ചേർത്തു.