സിഡ്‌നി: ഇന്ത്യയിൽ കൊവിഡ് സാഹചര്യം അതീവ രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ. മേയ് മൂന്നിന് ശേഷം ഇന്ത്യയിൽ നിന്ന് മടങ്ങിവരുന്ന തങ്ങളുടെ പൗരന്മാരെയും സ്ഥിരതാമസക്കാരായവരെയും രാജ്യത്ത് പ്രവേശിപ്പിക്കില്ല. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ ഇന്ത്യ സന്ദർശിച്ചവർ രാജ്യത്തേക്ക് പ്രവേശിക്കരുത്. മുൻപ് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്നുമുളള വിമാനങ്ങൾക്ക് ഓസ്‌ട്രേലിയ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വിലക്ക് ലംഘിച്ചാൽ തടവും പിഴയും ലഭിക്കുമെന്നും ഓസ്‌ട്രേലിയൻ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പ്രസ്‌താവനയിൽ അറിയിച്ചു. ഇതോടെ യാത്രാവിലക്കിന് പുറമേ ഇന്ത്യയിൽ നിന്നെത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ മാറി. ഇന്ത്യയിൽ നിന്ന് വരുന്നവരെ കർശനമായി വിലക്കും. അത് ലംഘിച്ചാൽ അഞ്ച് വർഷമാണ് തടവ്‌ശിക്ഷ ലഭിക്കുക. പൗരന്മാരുടെ ആരോഗ്യവും രാജ്യത്ത് നിലവിലുളള ക്വാറന്റൈൻ സംവിധാനവും കണക്കിലെടുത്താണ് ഓസ്‌ട്രേലിയ ഈ തീരുമാനമെടുത്തിരിക്കുന്നത്. എന്നാൽ ഇത് മനുഷ്യാവകാശ ലംഘനവും വംശീയ അധിക്ഷേപവുമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. രാജ്യത്തെത്തുന്നവരെ സുരക്ഷിതരാക്കുന്നതിന് പകരം ശിക്ഷ നൽകുന്നത് ശരിയല്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. മേയ് 15 ശേഷം മാത്രമേ വിലക്കിൽ ഇളവ് വേണമോയെന്ന് തീരുമാനിക്കൂവെന്നും ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു.