ന്യൂഡൽഹി: ഓക്‌സിജൻ കിട്ടാത്തതിനെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ഡോക്‌ടർ അടക്കം എട്ടുപേർക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ബത്ര ആശുപത്രിയിൽ ശനിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. ഗ്യാസ്‌ട്രോ എൻട്രോളജി വകുപ്പ് തലവനായ ഡോ. ആർ.കെ ഹിമതാനി അടക്കം എട്ടുപേർക്കാണ് ജീവൻ നഷ്‌ടമായത്. ഇതിൽ ആറുപേർ തീവ്രപരിചരണവിഭാഗത്തിലും, രണ്ടുപേർ ജനറൽ വാർഡിലുമായിരുന്നു.
രണ്ട് മണിക്കൂറോളം ഓക്‌സിജൻ സപ്ളൈ നിലച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. രാവിലെ മുതൽ തന്നെ ആശുപത്രിയിൽ ഓക്‌സിജൻ പ്രതിസന്ധി നിലനിന്നിരുന്നു. 307 രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇതിൽ 230 പേർക്ക് മാത്രമാണ് ഓക്‌സിജൻ നൽകാൻ കഴിഞ്ഞതെന്നും അധികൃതർ പറയുന്നു. ഇത് രണ്ടാം തവണയാണ് ബത്രയിൽ ഇതേ സ്ഥിതിവിശേഷം ഉണ്ടാകുന്നത്.