bihar-covid

പട്‌ന: ആരോ​ഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ രൂക്ഷവിമർശനം ഉന്നയിക്കുന്നതിനിടെ ബിഹാർ സർക്കാരിനെ വെട്ടിലാക്കി ഘടക കക്ഷിയായി ബി.ജെപിയും. കിടക്കകൾ, ഓക്‌സിജൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബിഹാറിലെ സ്ഥിതി ദയനീയമാണെന്ന് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനും രാജ്യസഭാ അം​ഗവുമായ സഞ്ജയ് ജെയ്‌സ്വാൾ അഭിപ്രായപ്പെട്ടു.

കൊറോണ വൈറസിനുള്ള ഏറ്റവും മികച്ച ചികിത്സ സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതുമാണ്. നിർഭാഗ്യവശാൽ, മാരകമായ വൈറസിന്റെ ഭീഷണി ആളുകൾക്ക് ഇപ്പോഴും മനസിലായിട്ടില്ല. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ തനിക്കറിയാവുന്ന നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പട്‌നയിലെ തന്റെ ഡോക്ടർ സുഹൃത്തുക്കൾ പോലും ഫോണെടുക്കാത്ത അവസ്ഥയിലെത്തി. നിലവിലെ സാഹചര്യത്തിൽ അവർ നിസഹായരായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ചമ്പാരൻ മേഖലയിൽ പുതിയ കിടക്കകളും ഓക്‌സിജൻ സംവിധാനങ്ങളും എത്തിച്ചിട്ടും തികയാത്ത അവസ്ഥയാണ്. കിടക്കകളുടെ എണ്ണം എത്ര വർധിപ്പിച്ചിട്ടും മതിയാകുന്നില്ല. ബെട്ടിയ ന​ഗരത്തിൽ കിടക്കകളുടെ എണ്ണം 90 ആയി ഉയർത്താൻ ‌ഞങ്ങൾ കഠിനമായി ശ്രമിക്കുന്നു. ആ ശ്രമത്തിൽ വിജയിച്ചേക്കാം, പക്ഷേ അത് മതിയാകുമെന്ന് തോന്നുന്നില്ല. പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം വരെ എത്തിയതായും ജെയ്‌സ്വാൾ വ്യക്തമാക്കി.

അതേസമയം, ബി.ജെ.പി അദ്ധ്യക്ഷന്റെ അഭിപ്രായ പ്രകടനത്തിനെതിരെ ആർ.ജെ.ഡി രം​ഗതിത്തെത്തി. മറ്റു ബി.ജെ.പി നേതാക്കൾക്കൊപ്പം ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോൾ അദ്ദേഹത്തിന്റെ കൊവിഡിനെ കുറിച്ചുള്ള അറിവും അവബോധവും എവിടെപോയെന്ന് ആർ.ജെ.ഡി ദേശീയ വാക്താവ് തിവാരി ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ബി.ജെ.പിയാണ്. കൊവിഡിന്റെ ആദ്യ തരംഗത്തിൽ നിന്ന് എന്തുകൊണ്ട് പാഠം പഠിച്ചില്ല. എന്തുകൊണ്ട് ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചില്ലെന്നും തിവാരി ചോദിച്ചു.