lockdown

വാഷിംഗ്ടൺ: കുറച്ച് ആഴ്‌ചകൾ രാജ്യമാകെ ലോക്ഡൗൺ നടത്തിയാൽ ഇന്ത്യയിലെ രണ്ടാംഘട്ട കൊവിഡ് തീവ്ര വ്യാപനം തടയാനാകുമെന്ന് വൈ‌റ്റ്ഹൗസ് ആരോഗ്യ ഉപദേഷ്‌ടാവും അമേരിക്കയിലെ പ്രസിദ്ധ രോഗപര്യവേക്ഷകനുമായ ഡോക്‌ടർ അന്തോണി ഫൗചി അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അന്തോണി ഫൗചി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇതോടൊപ്പം അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഓക്‌സിജൻ, വൈദ്യപരിശോധന, പിപിഇ കി‌റ്റുകൾ എന്നിവയുടെ വിതരണം അത്യാവശ്യമായി ചെയ്യേണം. ശരിയായ ക്രമീകരണങ്ങളോടെ ഈ ദുഷ്‌കരമായ സാഹചര്യത്തെ നേരിടുന്നതിന് സർക്കാർ ശ്രമിക്കണം. കൊവിഡിനെ ഫലപ്രദമായി നേരിട്ടു എന്ന് പറഞ്ഞത് വളരെ നേരത്തെയായിപ്പോയിയെന്നും അന്തോണി ഫൗചി സൂചിപ്പിച്ചു.

രാജ്യം തൽക്കാലത്തേക്ക് അടച്ചിടുന്നത് നല്ലതാണ്. രോഗത്തിനെതിരെ അടിയന്തരമായി ചെയ്യേണ്ടതും ഇടവേളയിൽ ചെയ്യേണ്ടതും ദീർഘകാലത്തേക്ക് ചെയ്യേണ്ടതുമായ കാര്യങ്ങൾ ചെയ്യുകയും വേണമെന്നും ഫൗചി അഭിപ്രായപ്പെട്ടു. 'കഴിഞ്ഞ വർഷം ചൈനയിൽ വലിയ രോഗവ്യാപനമുണ്ടായപ്പോൾ അവർ പൂർണമായും രാജ്യം അടച്ചിട്ടു. ആറുമാസത്തോളം അടച്ചിടണമെന്നില്ല. എന്നാൽ രാജ്യം അടച്ചിടുമ്പോൾ രോഗവ്യാപനത്തിന്റെ ശൃംഖല തകരും.' അദ്ദേഹം പറഞ്ഞു. ഏതാനും ആഴ്‌ചകൾ അടച്ചിടുമ്പോൾ തന്നെ രോഗവ്യാപനത്തിൽ കാര്യമായ കുറവുണ്ടാകുമെന്നും ഡോ. അന്തോണി ഫൗചി പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തെ തെരുവുകളിൽ അമ്മമാരെയും അച്ഛന്മാരെയും സഹോദരങ്ങളെയും കൊണ്ടുവന്ന് ജനങ്ങൾ ഓക്‌സിജനായി കേഴുന്ന കാഴ്‌ച കാണാനായി. ഇത് അവരിൽ കേന്ദ്ര സംവിധാനം ഇല്ല എന്ന തോന്നലുണ്ടാക്കാൻ ഇടയാക്കുമെന്നും ഫൗചി അഭിപ്രായപ്പെട്ടു. കൊവിഡിനെ നേരിടാൻ ഫലപ്രദമായ വഴി വാക്‌സിനേഷനാണ്. 140 കോടിയോളം ജനങ്ങളിൽ രണ്ട് ശതമാനം ജനങ്ങൾക്കാണ് ആകെ വാക്‌സിൻ നൽകാനായത്. പരമാവധി കമ്പനികളുമായി കരാറുണ്ടാക്കി അതിവേഗം വാക്‌സിൻ രാജ്യത്ത് നൽകേണ്ടത് ആവശ്യമാണെന്നും ഡോ. അന്തോണി ഫൗചി പറഞ്ഞു.

രാജ്യത്ത് രണ്ടാംഘട്ട വ്യാപനം അതിവേഗമാണ് സംഭവിക്കുന്നത് ഏതാണ്ട് നാല് ലക്ഷത്തോളം പേർക്കാണ് ഇപ്പോൾ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത്. മരണനിരക്കിലും ക്രമത്തിൽ വർദ്ധനയുണ്ട്.