അന്ത്യം കൊവിഡ് ചികിത്സയ്ക്കിടെ
ന്യൂഡൽഹി: ഹിന്ദുസ്ഥാനി സംഗീതത്തിലെ മഹാപ്രതിഭയും സിത്താർ ഇതിഹാസവുമായ പണ്ഡിറ്റ് ദേബു ചൗധരി (ദേബബത്ര ചൗധരി) കൊവിഡ് ബാധിച്ച് അന്തരിച്ചു. ഡൽഹി ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 85 വയസായിരുന്നു. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചിരുന്നു.
വിഖ്യാത സിത്താർ വാദകനായ മകൻ പ്രതീക് ചൗധരിയാണ് മരണവിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സംഗീതനാടക അക്കാഡമി അവാർഡും ലഭിച്ചിട്ടുണ്ട്.
മറവിരോഗം അടക്കം വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് വീട്ടിൽ ചികിത്സയിലായിരുന്ന ദേബു ചൗധരിയെ കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലർച്ചെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് ഒരു മണിയോടെ അന്ത്യം സംഭവിച്ചു. ദേബു ചൗധരി കൊവിഡ് ചികിത്സയിലാണെന്നും അടിയന്തിരമായി ഓക്‌സിജൻ സിലിണ്ടറും കോൺസെൻട്രേറ്റും ആവശ്യമുണ്ടെന്നും പറഞ്ഞ് സഹായിയായ പവൻ ഝാ ഏപ്രിൽ 28ന് ട്വീറ്റ് ചെയ്തിരുന്നു.
പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് വിലായത്ത് ഖാൻ, നിഖിൽ ബാനർജി എന്നിവർക്കൊപ്പം ഇന്ത്യയിലെ സിത്താർ മാന്ത്രികരിൽ ഒരാളായിരുന്നു ദേബു ചൗധരി. ഇന്നത്തെ ബംഗ്ലാദേശിലെ മൈമൻസിംഗിൽ 1935 മേയ് 30നാണ് ജനനം. താൻസന്റെ പിന്മുറക്കാർ തുടക്കമിട്ട ജയ്‌പൂർ സെനിയ ഘരാനയിൽ അഗ്രഗണ്യനായിരുന്നു. ഉസ്താദ് മുഷ്താഖ് അലി ഖാന്റെ ശിഷ്യനാണ്. നാലാം വയസിലാണ് സംഗീതപഠനം ആരംഭിച്ചത്. നിരവധി രാഗങ്ങൾ ചിട്ടപ്പെടുത്തി. ആറ് പുസ്തകങ്ങൾ രചിച്ചു. ആറ് പതിറ്റാണ്ടായി ലോകമെമ്പാടും സിത്താറിന്റെ മാന്ത്രിക സംഗീതം പ്രചരിപ്പിച്ച ദേബു ചൗധരി നിരവധി ശിഷ്യരുടെ കൺകണ്ട ദൈവമായ ഗുരു ആയിരുന്നു.
വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് രാജൻ മിശ്രയും കഴിഞ്ഞ ദിവസം കൊവിഡ് മരണത്തിന് കീഴടങ്ങിയിരുന്നു.