cmo

കണ്ണൂർ: സംസ്ഥാനത്ത് കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക് വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ആർടിപി‌സി‌ആർ പരിശോധനാ നിരക്കുകൾ കുറച്ചത് വിശദമായ പഠന ശേഷമാണ്. ഒരാൾക്ക് ഏതാണ്ട് 240 രൂപയോളമാണ് ചിലവ് വരികയെന്നാണ് പഠനങ്ങളിൽ തെളിഞ്ഞത്. ടെസ്‌റ്റ് നടത്തുവർക്കുള‌ള അധ്വാനവും ചേർത്താണ് ഈ നിരക്ക്. ആർടി‌പി‌സി‌ആർ പരിശോധന നടത്തില്ലെന്ന് നിലപാടെടുക്കുന്ന ലാബുകൾക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലാബുകാരുടെ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. ആർ‌ടി‌പി‌സി‌ആറിന് പകരം ട്രൂനാ‌റ്റ് പരിശോധനയെടുക്കാൻ ചില ലാബുകൾ നിർബന്ധിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ലാഭമുണ്ടാക്കാനുള‌ള സന്ദർഭമല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ എത്ര വലിയ ആരാധനാലയങ്ങളിലും 50 ശതമാനം മാത്രമാകും പ്രവേശനം. വാക്‌സിൻ വിതരണ കാര്യത്തിൽ 18 വയസിന് മുകളിലുള‌ളവർക്ക് ഉടൻ വാക്‌സിൻ ലഭ്യമാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാൽവുള‌ള മാസ്‌ക് ജനങ്ങൾ ധരിക്കരുതെന്നും ഡബിൾ മാസ്‌ക് ശീലമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി കരുതണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

നാളെ വോട്ടെണ്ണൽ ദിനത്തിലും വാരാന്ത്യ നിയന്ത്രണങ്ങളുള‌ള ഇന്നത്തെ അതേ നിയന്ത്രണങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂട്ടം ചേർന്നുള‌ള ഒരു പരിപാടിയും പാടില്ല. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആളുകൾ കൂട്ടം കൂടരുത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് അനുമതിയുളളവർക്ക് മാത്രമാകും പ്രവേശനം. വിജയിച്ച സ്ഥാനാർത്ഥികളുടെ വക പ്രകടനമോ നന്ദി പറയുന്നതിനായി ഒത്തുചേരലോ ഒന്നും പാടില്ല. അതിനായി പിന്നീട് സ്ഥിതി മെച്ചപ്പെട്ട ശേഷം അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിൽ മാദ്ധ്യമങ്ങൾക്കും കരുതലുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.