bella

ലണ്ടൻ: ഒന്ന് ചിരിച്ചാൽ അടുത്ത നിമിഷം ബെല്ല കിൽമാർട്ടിനെത്ത 24 കാരി ഉറങ്ങി വീഴും. ലണ്ടനിലെ ബിർമിംഗ്ഹാം സ്വദേശിയായ ബെല്ലയ്ക്ക് പെട്ടെന്നുള്ള ഉറക്കത്തിലേക്ക് വീഴ്ത്തുന്ന നാർക്കോലെപ്‌സി എന്ന രോഗമാണെന്ന് കൗമാരപ്രായത്തിലാണ് കണ്ടെത്തിയത്. ചിരിച്ചാൽ അപ്പോൾ തന്നെ ഉറക്കത്തിലാക്കുന്ന കാറ്റപ്ലെക്‌സി എന്ന അവസ്ഥയും ബെല്ലയ്ക്കുണ്ട്. അപൂർവമായ ഈ രോഗാവസ്ഥ മൂലം ജോലിസ്ഥലങ്ങളടക്കം പലയിടങ്ങളിലും ബെല്ല ഉറങ്ങി വീഴാറുണ്ട്. ചിരിക്കുമ്പോൾ എല്ലാം ദുർബലമാകുന്നു. കാൽമുട്ടുകൾ ദുർബലമാകും, തല തൂങ്ങിപ്പോകുന്നു, പൂർണമായും ബോധമുണ്ടാകും, നടക്കുന്നതെല്ലാം കേൾക്കാൻ കഴിയും, പക്ഷേ ശരീരം അനക്കാന്‍ കഴിയില്ല - ബെല്ല പറയുന്നു.

ഈ അവസ്ഥ കാരണം ബെല്ലയ്ക്ക് ഡ്രൈവിംഗ് പഠനം വരെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. 2016 ൽ ടെനറൈഫിൽ ഒരു അവധിക്കാലത്ത് ബെല്ല കുളത്തിൽ നീന്തുന്നതിനിടെ ഉറങ്ങി. ഭാഗ്യവശാൽ അവളുടെ രോഗാവസ്ഥയെക്കുറിച്ച് അറിയുന്ന സുഹൃത്ത് ബെല്ലയെ രക്ഷപ്പെടുത്തുകയായിരുന്നു.