പാലാ: ലോറിയിൽ കടത്തുകയായിരുന്ന 400 ലിറ്റർ വിദേശമദ്യവുമായി രണ്ടു യുവാക്കൾ പിടിയിൽ. വോട്ടെണ്ണൽ ദിനം വിൽക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണിതെന്ന് പൊലീസ് പറഞ്ഞു.
മീനച്ചിൽ കടയം പടിഞ്ഞാറേതിൽ ജയപ്രകാശ് (39), ഇടുക്കി അണക്കര ഏഴാംമൈലിൽ പാലാതോട്ടിൽ അഭിലാഷ് മധു (25) എന്നിവരാണ് അറസ്റ്റിലായത്.
ലോറിയിൽ 510 കുപ്പികളിലായി നാലു ലക്ഷത്തോളം രൂപ വിലവരുന്ന 400 ലിറ്റർ വിദേശമദ്യമാണുണ്ടായിരുന്നത്. കേരളത്തിൽ മദ്യശാലകൾ അടച്ചതിനാൽ വോട്ടെണ്ണൽ ദിനത്തിലെ ആവശ്യത്തിന് വൻതോതിൽ മദ്യം കടത്തുന്നതായി ജില്ലാ പോലീസ് മേധാവി ഡി. ശില്പയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. അന്വേഷണത്തിൽ സ്ഥിരമായി മദ്യം കടത്തുന്ന ജയപ്രകാശും അഭിലാഷും ലോറിയിൽ മറ്റു സാധനങ്ങളുമായി കർണാടകയിലേയ്ക്ക് പോയതായും തിരികെ വരുമ്പോൾ അവിടെ നിന്ന് മദ്യം കടത്താനിടയുണ്ടെന്നും അറിവു ലഭിച്ചു. ഇരുവരുടെയും നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച പൊലീസ് സംഘം ഇന്നലെ ലോറി പാലാ ഭാഗത്ത് വന്നപ്പോൾ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. നാർക്കോട്ടിക് സെൽ ഡിവൈ. എസ്. പി. ബി അനിൽകുമാർ, പാലാ ഡിവൈ. എസ് .പി കെ.ബി. പ്രഫുല്ലചന്ദ്രൻ, പാലാ എസ് .എച്ച് .ഒ സുനിൽ തോമസ്, എസ് .ഐ തോമസ് സേവ്യർ, എ. എസ് .ഐ ജേക്കബ്. പി ജോയ്, സ്ക്വാഡ് അംഗങ്ങളായ ചിങ്ങവനം എസ് .ഐ പി .എസ് .അനീഷ്, എസ് .ബിജോയ്, എ. എസ്. ഐ പ്രദീപ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.