yuvamorcha

തിരുവനന്തപുരം: എസ്.എ.ടി ഡ്രഗ് ഹൗസ് വിഷയത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച ജില്ല അദ്ധ്യക്ഷൻ ആർ. സജിത്ത്. ഡ്രഗ് ഹൗസിലെ ജീവനക്കാരന് ജോലിക്ക് പോലും വരാനാകാത്ത തരത്തിൽ കാര്യമെത്തിച്ചത് ഭീഷണിപ്പെടുത്തി നിശബ്‌ദരാക്കാമെന്ന മേയറുടെ ചിന്തയാണെന്നും ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും സുജിത്ത് പറഞ്ഞു. പാവപ്പെട്ടവന് ജീവൻ നിലനിർത്താൻ ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭിക്കുന്ന സ്ഥലം പൂട്ടിച്ച് ശ്‌മശാനത്തിന്റെ സൗകര്യം വർദ്ധിപ്പിക്കുന്ന മേയറുടെ ധാർഷ്‌ട്യം നിറഞ്ഞ നിലപാട് നേരിടാൻ യുവമോർച്ച നിർബന്ധിതരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


കൊവിഡ് സാഹചര്യം രൂക്ഷമായ സമയത്ത് വളരെ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കുന്ന ഡ്രഗ് ഹൗസ് പൂട്ടിച്ചതെന്തിനെന്നും സജിത്ത് ചോദിച്ചു. കോർപറേഷൻ വിശ്രമകേന്ദ്രത്തിനായി എസ്എടി ആശുപത്രിയിൽ നിർമ്മിച്ച കെട്ടിടം ആണെങ്കിലും അതിന്റെ ഉപയോഗം തീരുമാനിക്കേണ്ടത് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരാണെന്നിരിക്കേ മേയറുടെ പ്രവർത്തി പ്രഹസനമാണെന്ന് ആർ.സജിത്ത് പറഞ്ഞു.