മകൻ നോമ്പ് മുറിക്കുന്നതിന്റെ ചിത്രം പങ്കുവച്ച നടൻ നിർമൽ പാലാഴിക്ക് നേരെ കമന്റുകൾ വഴി ആക്രമണവുമായി വർഗീയ ചിന്തകൾ വച്ചുപുലർത്തുന്നവർ. മകൻ ആദ്യമായാണ് നോമ്പ് നോൽക്കുന്നതെന്ന് പറഞ്ഞുകൊണ്ട് നോമ്പ് മുറിക്കാനായി ഭക്ഷണത്തിന് മുമ്പിൽ കുട്ടി വാങ്ക് വിളിക്കായി കാത്തിരിക്കുന്ന ചിത്രമാണ് നടൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ചത്.
മകൻ നോമ്പെടുക്കാൻ പോകുകയാണെന്ന് അറിയിച്ചപ്പോൾ ആദ്യം അവന് അതിനു കഴിയില്ല എന്നാണ് താനും കുടുംബവും കരുതിയതെന്നും എന്നാൽ മകൻ തങ്ങളെ ഞെട്ടിക്കുകയായിരുന്നുവെന്നും നടൻചിത്രത്തിനൊപ്പം നൽകിയ കുറിപ്പിലൂടെ പറയുന്നു.
മതേതര മൂല്യങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന നടന്റെ പോസ്റ്റിനു കീഴിലായി നിരവധി പേരാണ് പ്രശംസയുമായി എത്തിയത്. എന്നാൽ വർഗീയ വിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്ന ചിലർ ഫോട്ടയ്ക്ക് കീഴിലായി മോശം കമന്റുകളുമായി എത്തി. ഇത്തരക്കാരുടെ ചില തരംതാണകമന്റുകൾക്ക് നടൻ ചുട്ട മറുപടി നൽകിയിരുന്നതായും കാണാം.
നടന്റെ കുറിപ്പ് ചുവടെ:
'ബാങ്ക് വിളിക്ക് വേണ്ടി കാത്തു നിൽക്കുന്ന ഉണ്ണിക്കുട്ടൻ. ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കൾ എടുക്കുന്നത് കണ്ടപ്പോൾ മൂപ്പർക്കും ഒരാഗ്രഹം.പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്‌മണി ആയപ്പോൾ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോൾ മുഖം വാടി ഞങ്ങൾ ആവുന്നതും പറഞ്ഞു ടാ... ഇത് നിനക്ക് നടക്കൂല, എന്തേലും കഴിക്കാൻ നോക്ക്. പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാൻ കാത്ത് ഇരിക്കുകയാണ്. സന്തോഷം. വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ.'
content specifics: nirmal palazhi posts picture of son fasting for ramza hate comments follow.