ന്യൂഡൽഹി : കൊവിഡിന്റെ രണ്ടാംതരംഗത്തിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യക്ക് വീണ്ടും അമേരിക്കയുടെ സഹായമെത്തുന്നു. 125 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി അമേരിക്കൻ വിമാനം ഇന്ന് രാത്രിയോടെ ഇന്ത്യയിലെത്തും. ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ സഹായവുമായിട്ടാണ് അമേരിക്കൻ നാഷണൽ എയർലൈൻസിന്റെ ജംബോ വിമാനം ഡൽഹിൽ ഇറങ്ങുന്നത്.
മാസ്‌കുകൾ, ഓക്‌സിജൻ ടാങ്കുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയാണ് കൊവിഡിനെ നേരിടാൻ അമേരിക്ക ഇന്ത്യക്ക് നൽകുന്നത്. ശനിയാഴ്ച രാത്രി 11ഓടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം എത്തുമെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ രണ്ട് വിമാനങ്ങൾ സഹായവുമായി അമേരിക്കയിൽ നിന്ന് എത്തിയിരുന്നു. യു.എസ്, ബ്രിട്ടൻ, ജർമ്മനി, ഓസ്‌ട്രേലിയ, റഷ്യ, ചൈന, ഖത്തർ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു.