ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ അടച്ചിടണമെന്ന് പറഞ്ഞ യു.എസ് ആരോഗ്യ വിദഗ്ദ്ധൻ ഡോ. ആന്റണി ഫൗചിക്ക് മറുപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. കൊവിഡ് പരത്തിയത് എന്തിനാണെന്ന് ചൈനയോട് ചോദിക്കണമെന്ന് ഹർഭജൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഭാജിയുടെ പ്രതികരണം.
അമേരിക്കയും മറ്റെല്ലാ രാജ്യങ്ങളും ഒത്തുചേർന്ന് ചൈനയോട് ചില കടുത്ത ചോദ്യങ്ങൾ ചോദിച്ചുകൂടെ. എന്തിനുവേണ്ടിയാണ് അവർ ഇത് ലോകമെമ്പാടും പരത്തിയത്? എല്ലാം കുഴപ്പത്തിലാക്കിയത്? ചൈനയിൽ കൂടുതൽ കേസുകൾ ഉള്ളതായി നമുക്ക് ഇപ്പോൾ കേൾക്കാൻ സാധിക്കുന്നില്ലെന്നും'. ഹർഭജൻ പറഞ്ഞു.
കൊവിഡ് മഹാമാരിയെ ചെറുക്കാൻ ഇന്ത്യ ഏതാനും ആഴ്ച്ചകൾ അടച്ചിടണമെന്നും വാക്‌സിനേഷന് പകരം ആളുകൾക്ക് ഓക്‌സിജനും ആശുപത്രി കിടക്കകളും ചികിത്സയും ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമാണ് ഫൗചി അടുത്തിടെ പറഞ്ഞിരുന്നത്.