sunil-p-elayidom

തിരുവനന്തപുരം: അരിപ്പ ഭൂസമരം നടത്തുന്നവർക്ക് ലോക്ക്ഡൗൺ സമയത്ത് ഭക്ഷണമെത്തിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അദ്ധ്യാപികയ്ക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതികരണവുമായി ഡോ. സുനിൽ പി. ഇളയിടം. പ്രൊഫ. കുസുമം ജോസഫിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഉടനടി പിൻവലിക്കണം. കേസ് എടുക്കുന്നത് തികഞ്ഞ നീതി നിഷേധമാണ്. പ്രാഥമികമായ പൗരാവകാശങ്ങൾക്കു മേലുള്ള പൊലീസിന്റെ കയേറ്റമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സുനിൽ പി. ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രൊഫ. കുസുമം ജോസഫിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഉടനടി പിൻവലിക്കണം. അരിപ്പയിൽ ഭൂസമരത്തിലേർപ്പെട്ട ആദിവാസികൾക്ക് ലോക് ഡൗൺ കാലത്ത് ഭക്ഷണം എത്തിക്കണം എന്ന ഫേസ്ബുക് പോസ്റ്റ് കലാപത്തിനുള്ള ആഹ്വാനമാണെന്ന നിലപാടിന് യാതൊരു ന്യായീകരണവുമില്ല. അതിന്റെ പേരിൽ കേസ് എടുക്കുന്നത് തികഞ്ഞ നീതി നിഷേധമാണ്. പ്രാഥമികമായ പൗരാവകാശങ്ങൾക്കു മേലുള്ള പോലീസിന്റെ കയ്യേറ്റമാണ്. ആ കേസ് ഉടൻ പിൻവലിക്കണം.

ദലിത്, ആദിവാസി വിഭാഗങ്ങളില്‍ പെടുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് 2012 മുതല്‍ നടന്നു വരുന്ന അരിപ്പ ഭൂസരവുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ പേരിലാണ് കുസുമം ജോസഫിനെതിരെ കേസെടുത്തത്. വിവിധ ജില്ലകളില്‍നിന്നു വന്ന് ഇവിടെ കുടില്‍കെട്ടി താമസിക്കുന്ന ദലിത്, ആദിവാസി വിഭാഗക്കാര്‍ ലോക്ക്ഡൗണിനിടെ പട്ടിണിയിലാണെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ ഇടപെട്ട് ഭക്ഷണം എത്തിക്കണം എന്നുമാവശ്യപ്പെട്ടാണ് 2020 ഏപ്രില്‍ 20 ന് കുസുമം ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കുളത്തൂർ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ മേൽ ഒരു വർഷം കഴിഞ്ഞപ്പോഴാണ് പൊലീസ് ഐ.പി.സി 153, കേരളാ പൊലീസ് ആക്ട് 118(ഡി),120(ഒ) എന്നീ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.