ന്യൂഡൽഹി: ആവേശം അവസാന പന്ത് വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ കീറോൺ പൊള്ളാഡിന്റെ വെടിക്കെട്ടിന്റെ പിൻബലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബയ് ഇന്ത്യൻസിന് ത്രസിപ്പിക്കുന്ന വിജയം. ഡൽഹിയിലെ ഫിറോസ് ഷാ കോട്ട്ലായിൽ റൺമഴ പെയ്ത മത്സരത്തിൽ 4 വിക്കറ്റിനായിരുന്നു മുംബയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന കൂറ്റൻ ടോട്ടൻ പടുത്തുയർത്തി. മറുപടിക്കിറങ്ങിയ മുംബയ്യെ പുറത്താകാതെ വെറും 34 പന്തിൽ 87 റൺസ് അടിച്ചു കൂട്ടി പൊള്ളാഡ് വിജയ തീരത്ത് എത്തിക്കുകയായിരുന്നു (219/6). 8 കൂറ്റൻസിക്സറുകളും 6 ഫോറും ആ ഇന്നിംഗ്സിന് ചന്തം ചാർത്തി. ഐ.പി.എല്ലിൽ ഈ സീസണിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി പൊള്ളാഡ് ഈ മത്സരത്തിൽ കുറിച്ചു. ഐ.പി.എല്ലിൽ റൺസ് പിന്തുടർന്ന് നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ജയമാണിത്. അവസാന ഓവറിൽ മുംബയ്ക്ക് ജയിക്കാൻ 16 റൺസ് വേണമായിരുന്നു. ആദ്യത്തെ പന്തിൽ സിംഗിളിന് അവസരമുണ്ടായിരുന്നെങ്കിലും ഓടിയില്ല. രണ്ടും മൂന്നും പന്തുകൾ ബൗണ്ടറി കടന്നു. നാലാം പന്ത് ഡീപ് സ്ക്വയർ ലെഗ്ഗിൽ ഷർദ്ദുലിനരികിലേക്ക്.അതിലും റൺസിന് ശ്രമിച്ചില്ല. അഞ്ചാം ബാൾ ഫുൾടോസായി എറിഞ്ഞ എങ്കിഡിയെ സിക്സിന് പറത്തി പൊള്ളാഡ് മുംബയ്യുടെ ലക്ഷ്യം ഒരു പന്തിൽ രണ്ട് റൺസാക്കുന്നു. അവസാന പന്ത് ഡീപ് മിഡ് വിക്കറ്റിലേക്കടിച്ച് ധവാൽ കുൽക്കർണിയോടൊപ്പം രണ്ട് റൺസ് ഓടിയെടുത്ത് പൊള്ളാഡ് മുംബയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. രണ്ടോവറിൽ 12 റൺസ് മാത്രം നൽകി 2 വിക്കറ്റെടുത്ത് ബൗളിംഗിലും പൊള്ളാഡ് തിളങ്ങി.
നേരത്തേ ടോസ് നേടിയ മുംബയ് ക്യാപ്ടൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പുറത്താകാതെ വെറും 27 പന്തിൽ 4 ഫോറും 7 സിക്സും ഉൾപ്പെടെ 72 റൺസെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈ ഇന്നിംഗ്സിൽ മിന്നൽപ്പിണറായത്. ഓപ്പണർ ഫാഫ് ഡുപ്ലെസിസും (28 പന്തിൽ 2 ഫോറും 4 സിക്സും ഉൾപ്പെടെ 50), മോയിൻ അലിയും (36 പന്തിൽ 5 വീതം സിക്സും ഫോറും ഉൾപ്പെടെ 58) വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു. 22 റൺസുമായി രവീന്ദ്ര ജഡേജ അമ്പാട്ടിക്കൊപ്പം പുറത്താകാതെ നിന്നു. അതേസമയം ഐ.പി.എല്ലിൽ തന്റെ ഇരുന്നൂറാം മത്സരത്തിനിറങ്ങിയ സുരേഷ് റെയ്ന (2) പൊള്ളാഡിന് വിക്കറ്റ് നൽകി നിരാശനായി മടങ്ങി.
ചെന്നൈ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബയ്ക്ക് ക്യാപ്ടൻ രോഹിത് ശർമ്മയും (24 പന്തിൽ 35), ക്വിന്റൺ ഡി കോക്കും (28 പന്തിൽ 38) വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 7.4 ഓവറിൽ ഇരുവരും 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രോഹിതിനെ ഗെയ്ക്വാദിന്റെ കൈയിൽ എത്തിച്ച് ഷർദ്ദുൽ താക്കൂറാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ സൂര്യകുമാർ യാദവിനെ (3) ജഡേജയും ഡി കോക്കിനെ മോയിനും പുറത്താക്കിയതോടെ മുംബയ് 81/3 എന്ന നിലയിലായി. എന്നാൽ തുടർന്ന് കീറോൺ പൊള്ളാഡും ക്രുനാൽ പാണ്ഡ്യയും ക്രീസിൽ ഒന്നിച്ചതോടെ മുംബയ് മത്സരത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ചെന്നൈ ബൗളർമാരെ പൊള്ളാഡ് ഗ്രൗണ്ടിന് നാല് വശത്തേക്കും പറത്തി. 44 പന്തിൽ 89 റൺസിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയത്. 17-ാം ഓവറിൽ ക്രുനാലിനെ പുറത്താക്കി സാം കറനാണ് കൂട്ടുകെട്ട് തകർത്തത്. പകരമെത്തിയ ഹാർദ്ദിക് പാണ്ഡ്യ കാമിയോ പ്രകടനവുമായി രണ്ട് സിക്സുൾപ്പെടെ 7 പന്തിൽ 16 റൺസ് നേടി. എന്നാൽ 19-ാം ഓവറിൽ ഹാർദ്ദിക്കിനേയും, ജയിംസ് നീഷമിനേയും (0) പുറത്താക്കി സാം വീണ്ടും ചെന്നൈയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ മറുവശത്ത് പാറപോലെ ഉറച്ചു നിന്ന പൊള്ളാഡ് മുംബയുടെ രക്ഷകനാവുകയായിരുന്നു.ഷർദ്ദുൾ താക്കൂർ എറിഞ്ഞ 18-ാം ഓവറിൽ വൈഡ് ലോംഗ് ഓണിൽ പൊള്ളാഡ് നൽകിയ ക്യാച്ച് ഡുപ്ലെസി വിട്ടു കളഞ്ഞതിന് ചെന്നൈ വലിയ വിലകൊടുക്കേണ്ടി വന്നു. സാം കറൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഐ.പി.എല്ലിൽ
ഇന്ന്
രാജസ്ഥാൻ - ഹൈദരാബാദ്
(വൈകിട്ട് 3.30 മുതൽ)
പഞ്ചാബ് - ഡൽഹി
(രാത്രി 7.30 മുതൽ)