നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രവചിക്കുന്ന സർവേകളിൽ ഭൂരിഭാഗവും വിരൽചൂണ്ടുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിലേക്കാണ്. 120 വരെ സീറ്റുകൾ ഇടതുപക്ഷം നേടിയേക്കാമെന്നാണ് ഇന്നലെ പുറത്തുവന്ന ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ ഫലം പറയുന്നത്. യുഡിഎഫ് 50 മുതൽ 70 വരെ സീറ്റുകൾ നേടുമെന്നും എൻഡിഎ ഒന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ നേടാൻ സാദ്ധ്യതയുണ്ടെന്നും സർവേകൾ സൂചന നൽകുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കുകയാണെങ്കിൽ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിന് വന്നുചേർന്നേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. എൽഡിഎഫിന് അനുകൂലമാണ് ജനവിധിയെങ്കിൽ പ്രധാനമായും മൂന്ന് തലങ്ങളിലുള്ള മാറ്റങ്ങൾക്കാകും കേരളത്തിന്റെ രാഷ്ട്രീയ രംഗം സാക്ഷ്യം വഹിക്കുക എന്നാണ് വിലയിരുത്തലുകൾ.
പിണറായി യുഗം
സിപിഎമ്മിലെയും എൽഡിഎഫിലെയും എതിരില്ലാത്ത നേതാവെന്ന് അണികൾ വാഴ്ത്തുകയും പാർട്ടിയുടെ ജനാധിപത്യ സംവിധാനത്തെ തകർത്തുകൊണ്ട് പാർട്ടിയിലെ ഏകാധിപതിയായി വളർന്നുവെന്ന് മാദ്ധ്യമങ്ങൾ വിമർശിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സർവാധിപത്യത്തിലേക്ക് ഇടത് തുടർഭരണം വഴിവയ്ക്കുമെന്നുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. 'ക്യാപ്റ്റൻ' എന്ന വിശേഷണത്തിലൂടെ വിഗ്രഹവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പാർട്ടിയിൽ അധികാര കേന്ദ്രീകരണത്തിന് വഴിവയ്ക്കുകയാണ് എന്നാണ് വിമർശനം.
ഇതിനോടകം വിവിധ രാഷ്ട്രീയപാർട്ടികൾ സിപിഎമ്മിന്റെ അടിസ്ഥാന സ്വഭാവത്തെ തന്നെ മാറ്റിമറിക്കുന്ന ഈ സാഹചര്യത്തെ കുറിച്ച് സൂചനകൾ നൽകിയിട്ടുണ്ട്. ബിജെപിയുടെ അവസാനവാക്ക് മോദിയാകുന്നതുപോലെ കേരളത്തിൽ, വിമർശനങ്ങൾക്ക് ഇടം കൊടുക്കാത്ത നിലയിൽ, സർവാധിപനായി പിണറായി വിജയൻ വളരുമെന്നും ആശങ്കപ്പെടുന്നവരുണ്ട്. ബംഗാളിലെ അവസ്ഥയിൽ നിന്നും പാഠമുൾക്കൊണ്ട സിപിഎമ്മിന് അത്തരത്തിൽ ഒരു വീഴ്ച സംഭവിക്കാൻ ഇടയില്ലെങ്കിലും പാർട്ടിയുടെ അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്നത് ഒരിക്കലും ആശാസ്യമല്ല.
ബിജെപിയുടെ വളർച്ച
ശബരിമല യുവതീപ്രവേശന വിഷയം ആയുധമാക്കി കേരളത്തിലെ ജനങ്ങളിൽ ഒരു വലതുപക്ഷാനുകൂല മനോഭാവം സൃഷ്ടിച്ചെടുത്ത ബിജെപി, ഇത്തവണയും കാര്യമായ വോട്ട് ഷെയർ നേടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്ലാം വോട്ട് ശതമാനത്തിന്റെ കാര്യത്തിൽ മുന്നേറ്റമുണ്ടാക്കിയിട്ടുള്ള പാർട്ടി, ഇത്തവണയും ആ മേഖലയിൽ നേട്ടം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. 20 ശതമാനം വരെ വോട്ടുകൾ ബിജെപിയുടെ അക്കൗണ്ടിലേക്ക് വന്നുചേരുമെന്ന് മാദ്ധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നുണ്ട്. ഇത് അസ്ഥാനത്തായേക്കുകയുമില്ല.
നേമത്തെ വിജയത്തിലൂടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറന്ന ബിജെപി, ഇത്തവണ രണ്ടോ അതിലധികമോ സീറ്റുകളിൽ ജയം നേടുമെന്ന പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസ്താവന അങ്ങനെ നിസാരമായി തള്ളിക്കളയാൻ സാധിക്കില്ല. മതരാഷ്ട്രീയം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ സ്വഭാവത്തിന് പരിക്കേല്പിച്ചുകൊണ്ട് തങ്ങൾക്ക് അനുകൂലമായ ജനവികാരം ഒരു പരിധിവരെ സൃഷ്ടിച്ചെടുക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ബിജെപി ഇത്തവണ ഉയർത്തുന്ന വെല്ലുവിളി വളരെ വലുതുമാണ്.
കോൺഗ്രസിന്റെ തളർച്ച
കൃത്യമായ സംഘടനാ സംവിധാനത്തിന്റെയും ശക്തമായ നേതൃത്വത്തിന്റെയും അഭാവം കാരണം അഖിലേന്ത്യാ തലത്തിൽ തളർച്ച നേരിടുന്ന ദേശീയ പാർട്ടിയായി മാറിയിരിക്കുന്ന കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാദ്ധ്യമാണോ എന്നുള്ള എന്നുള്ള സംശയം ഇപ്പോൾ ശക്തമാണ്. ബിജെപിയെ പ്രതിരോധിക്കുക എന്നത് പോയിട്ട്, അവർക്ക് ബദലായുള്ള ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ഉയർത്തിക്കാട്ടാൻ പോലും സാധിക്കാത്ത തരത്തിൽ ഇരുട്ടിൽ തപ്പുന്ന നിലയിലാണ് കോൺഗ്രസ് ഇപ്പോൾ.
ബിജെപിയുടെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിന് മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വിഷമിക്കുന്ന പാർട്ടിക്ക് കേരളമായിരുന്നു ആകെയുള്ള ഒരു ആശ്വാസം. എന്നാൽ തുടർഭരണമുണ്ടാകുകയാണെങ്കിൽ ആ നല്ല നിലയും കോൺഗ്രസിന് നഷ്ടമാകും. മുസ്ലിം ലീഗിന് മുന്നണിയിൽ വർദ്ധിച്ച് വരുന്ന സ്വാധീനം മറ്റൊരു വിഷയമാണ്. എൽഡിഎഫിന് തുടർഭരണം ലഭിക്കുകയാണെങ്കിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് വലിയ തോതിലുള്ള ഒഴുക്കുണ്ടാക്കുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കൾ തന്നെ വ്യക്തമാക്കിയതാണ്.
ഇത്തരത്തിലെ ഒരു സാഹചര്യം ഉണ്ടായാൽ കേരളത്തിൽ കോൺഗ്രസ് ശിഥിലമാകാൻ അധികം സമയമൊന്നും ആവശ്യമായി വരില്ല. ഇവിടെയും ബിജെപിയാണ് നേട്ടമുണ്ടാക്കുക. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി ഉയരുക എന്ന അവരുടെ ലക്‌ഷ്യം ഇതോടുകൂടി എളുപ്പമാകും. തുടർന്ന്, ബംഗാളിൽ ഇപ്പോൾ നിലനിൽക്കുന്ന രാഷ്രീയസാഹചര്യത്തിലേക്ക് കേരളവും എത്തുമോ എന്നതും കണ്ടറിയേണ്ടതാണ്. ബിജെപിയിൽ നിന്നുമുള്ള വെല്ലുവിളികൾ ഉണ്ടാകുമെങ്കിലും സംസ്ഥാനത്ത് ദീർഘകാലം ഭരണം നിലനിർത്താൻ സിപിഎമ്മിനെ ഈ സാഹചര്യം സഹായിക്കുകയും ചെയ്യും.
content details: will cm pinarayi vijayan become the all powerful.