pic

ചികിത്സ തേടി മൂന്നു മണിക്കൂർ അലഞ്ഞു

ഓക്സിജൻ നൽകാൻ പോലും ആശുപത്രികൾ വിസമ്മതിച്ചു

കോതമംഗലം: ശ്വാസതടസം മൂലം അത്യാസന്ന നിലയിലായ കൊവിഡ് ബാധിതൻ രണ്ട് സ്വകാര്യ ആശുപത്രികളും സി.എഫ്.എൽ.ടി.സിയും പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ചു. തൃക്കാരിയൂർ ഹൈക്കോർട്ട് കവല പുളിയ്ക്കൽ സുരേന്ദ്രൻ(65)ആണ് യഥാസമയം ചികിത്സ കിട്ടാതെ ശനിയാഴ്ച രാവിലെ ഏഴു മണിയോടെ മരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച് വീട്ടിൽ കഴിയുകയായിരുന്നു സുരേന്ദ്രനും ഭാര്യ ഗീതയും. ഇന്നലെ പുലർച്ചെ രണ്ടരയോടെ സുരേന്ദ്രന് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് കഞ്ഞിക്കുഴി അഞ്ചാം വാർഡ് മെമ്പർ ശോഭാ രാധാകൃഷ്ണന്റെ സഹായം തേടി. കൊവിഡ് കൺട്രോൾ റൂമിൽ അറിയിച്ചപ്പോൾ സ്വകാര്യ ആശുപത്രിയെ സമീപിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് മെമ്പർ വിളിച്ചുവരുത്തിയ സേവാഭാരതി പ്രവർത്തകർ സുരേന്ദ്രനെ ഇന്നോവാ ടാക്സിയിൽ പുലർച്ചെ 3.05ന് കോതമംഗലത്തെ ഒരു പ്രമുഖ സ്വകാര്യആശുപത്രിയിൽ എത്തിച്ചു. ഇവിടെ അരമണിക്കൂറോളം കാത്തെങ്കിലും കൊവിഡ് രോഗിക്ക് നൽകാൽ ബെഡ്ഡും സംവിധാനങ്ങളും ഇല്ലെന്ന് പറഞ്ഞ് പ്രവേശനം നിഷേധിക്കുകയായിരുന്നെന്ന് സേവാഭാരതി പ്രവർത്തകനായ സിജു പറഞ്ഞു. തത്കാലം ഓക്സിജൻ നൽകാൻ അഭ്യർത്ഥിച്ചിട്ടും തയ്യാറായില്ല.

തുടർന്ന് നഗരത്തിൽ തൊട്ടടത്തു തന്നെയുള്ള മറ്റൊരു പ്രമുഖആശുപത്രിയിൽ എത്തിച്ചപ്പോഴും ഇതേ സംഭവങ്ങൾ ആവർത്തിച്ചു. നിവൃത്തിയില്ലാതെ കോതമംഗലം ചെറിയപള്ളിക്ക് സമീപമുള്ള പള്ളിക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുനിസിപ്പാലിറ്റിയുടെ എഫ്.എൽ.ടി.സിയിലേക്ക് സുരേന്ദ്രനെ എത്തിച്ചു. ഇവിടെ ഓക്സിജൻ ഇല്ലാത്തതിനാൽ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധിക്കാൻ ആദ്യം വിസമ്മതിച്ചെങ്കിലും സേവാഭാരതി പ്രവർത്തകരുടെ സമ്മർദത്തെ തുടർന്ന് ഡ്യൂട്ടി ഡോക്ടർ എത്തി അത്യാഹിത വിഭാഗത്തിൽ സുരേന്ദ്രനെ പരിശോധിച്ച് ഓക്സിജൻ നൽകി. വെന്റിലേറ്റർ സൗകര്യമുള്ളിടത്തേക്ക് മാറ്റണമെന്ന നിർദ്ദേശത്തെ തുടർന്ന് 108 ആംബുലൻസ് വിളിച്ചുവരുത്തിയപ്പോഴേക്കും 5.45ന് സുരേന്ദ്രൻ മരിച്ചു. ശ്വാസം കിട്ടാതെ പിടയുന്ന രോഗിയുമായി മൂന്നു മണിക്കൂറോളം ചികിത്സ തേടി അലഞ്ഞതായി സിജു പറഞ്ഞു.

കോതമംഗലത്ത് പൊതുശ്മശാനം ഇല്ലാത്തതിനാൽ സംസ്കാരത്തിന് മൂവാറ്റുപുഴ, പെരുമ്പാവൂർ പൊതുശ്മശാനങ്ങളെ ആശ്രയിച്ചെങ്കിലും ഇവിടെയും ഒഴിവുണ്ടായിരുന്നില്ല. ഒടുവിൽ സേവാഭാരതി പ്രവർത്തകർ തന്നെ കൊവിഡ് മാനദണ്ഡപ്രകാരം സുരേന്ദ്രന്റെ അഞ്ചുസെന്റ് വീട്ടുവളപ്പിൽ സംസ്കരിച്ചു. ആതിരയാണ് സുരേന്ദ്രന്റെ മകൾ. കെ.എസ്.ഇ.ബിയിൽ താൽക്കാലിക ജീവനക്കാരനായും ഇലക്ട്രീഷ്യനായും പ്രവർത്തിച്ചിരുന്ന സുരേന്ദ്രൻ കുറച്ചുകാലമായി ഉദരരോഗത്തിന് ചികിത്സയിലായിരുന്നു.