
തിരുവനന്തപുരം: പ്രതീക്ഷകൾക്കും അവകാശവാദങ്ങൾക്കും ഒടുവിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. പത്ത് മണി കഴിയുന്നതോടെ കേരളത്തിലെ ട്രെൻഡ് എങ്ങോട്ടാണെന്ന് വ്യക്തമാകും. ഫോട്ടോഫിനിഷിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ കേരളത്തിന്റെ രാഷ്‌ട്രീയ മനസ് അറിയാൻ ഉച്ചയോട് അടുക്കും.
നിർണായക തിരഞ്ഞെടുപ്പിൽ 38 മണ്ഡലങ്ങളിലാവും അതീവശ്രദ്ധ. എൻ ഡി എ നേട്ടം നേമത്തോ കഴക്കൂട്ടത്തോ മഞ്ചേശ്വരത്തോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ട്വന്റി 20 അംഗം നിയമസഭയിലെത്തുമോ, കളമശേരിയിലും തൃത്താലയിലും ആര്, കേരള കോൺഗ്രസ് ബലാബലത്തിൽ ആര് മുന്നിലെത്തും, ജലീലിനും ഇ ശ്രീധരനും കെ കെ രമയ്ക്കും നിർണായകം തുടങ്ങിയ നിരവധി ചോദ്യങ്ങളിലാണ് ആകാംക്ഷ നിറയുന്നത്. മൂന്ന് മുന്നണികൾക്കും ഒരു പോലെ നിർണായക തിരഞ്ഞെടുപ്പ് കൂടിയാണിത്. ആഴക്കടലും, ശബരിമല വിവാദങ്ങളും ഭരണത്തുടർച്ചയെ ബാധിച്ചോ എന്നും കണ്ടുതന്നെ അറിയണം.
ഭരണത്തുടർച്ചയാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാൽ, എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം എതിരായിട്ടും അധികാരത്തിലെത്തുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. പ്രചാരണത്തിലോ, സർവേകളിലൊ പ്രതിഫലിക്കാത്ത അടിയൊഴുക്ക് വോട്ടെടുപ്പിലുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.