തിരുവനന്തപുരം: അത്യന്തം ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ കേരള രാഷ്‌ട്രീയം കടന്നു പോകുമ്പോൾ ആദ്യ ഫലസൂചന വന്നു കഴിഞ്ഞു. കോഴിക്കോട് പോസ്‌റ്റൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ എൽഡിഎഫ് ആണ് മുന്നിൽ. വൈക്കത്തും കരുനാഗപ്പള്ളിയിലും എൽഡിഎഫ് മുന്നിലാണ്. എല്ലാവരും ഉറ്റുനോക്കുന്ന പാലായിൽ ജോസ് മാണിയാണ് മുന്നേറുന്നത്. എന്നാൽ മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നേറ്റമാണ് ആദ്യ നിമിഷങ്ങളിൽ കാണുന്നത്.
ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നേമം മണ്‌ഡലത്തിൽ ആദ്യ ഫല സൂചന അവർക്ക് പ്രതീക്ഷ നൽകുന്നത് തന്നെയാണ്. കുമ്മനം രാജശേഖരൻ തന്നെയാണ് അവിടെ ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്താണ് മുന്നിൽ നിൽക്കുന്നത്.
പിണറായി വിജയൻ, ഉമ്മൻചാണ്ടി, കെകെ ശൈലജ, പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, ജെ മേഴ്‌സികുട്ടിയമ്മ, കുമ്മനം രാജശേഖരൻ, കെടി ജലീൽ തുടങ്ങിയ പ്രമുഖരെല്ലാം ആദ്യഘട്ട ഫലസൂചന പുറത്തു വരുമ്പോൾ മുന്നിലാണ്.
പ്രത്യേക ടേബിളുകളിലായാണ് തപാൽ വോട്ടുകൾ എണ്ണുന്നത്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും നാലു മുതൽ എട്ടു വരെ ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഒരു ടേബിളിൽ ഒരു റൗണ്ടിൽ 500 പോസ്റ്റൽ ബാലറ്റ് വീതമാണ് എണ്ണുന്നത്.