തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലത്തിന് സമാനമായ ലീഡുമായി തലസ്ഥാന ജില്ലയിൽ ഇടത് മുന്നണിയുടേ തേരോട്ടം. 2016 ൽ 14ൽ 10 സീറ്റുകളും വിജയിച്ച് കയറിയിരുന്നു എൽ.ഡി.എഫ്. ഏതാണ്ട് സമാനമായ നിലയാണ് ആദ്യ റൗണ്ട് ഫലങ്ങൾ. പത്ത് സീറ്റുകളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. മൂന്നിടത്ത് യുഡിഎഫും ലീഡ് ചെയ്യുകയാണ്. നേമത്ത് എൻ.ഡി.എയും.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരൻ 412 വോട്ടിന് മുന്നിലാണ്. ഇവിടെ കുമ്മനം ലീഡ് നില ഉയർത്തുകയാണ്. പാറശാലയിൽ കോൺഗ്രസിന്റെ അൻസജിതാ റസൽ ആദ്യ റൗണ്ടിൽ മുന്നിലെത്തിയെത്തിയെങ്കിലും ഇപ്പോൾ സി.കെ ഹരീന്ദ്രനാണ് മുന്നിൽ. വട്ടിയൂർക്കാവിൽ കോൺഗ്രസ് സ്ഥാനാർത്ഥി വീണാ.എസ്.നായർ രണ്ടാമതെത്തി. ബിജെപി സ്ഥാനാർത്ഥി വി.വി രാജേഷ് മൂന്നാം സ്ഥാനത്താണ്. വി.കെ പ്രശാന്ത് ഇവിടെ 1917 വോട്ടിന് മുന്നിലാണ്. ബിജെപി അഭിമാന പോരാട്ടം നടത്തുന്ന കഴക്കൂട്ടത്ത് മന്ത്രി കടകംപളളി സുരേന്ദ്രനാണ് മുന്നിൽ. ഇവിടെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ മൂന്നാമതാണ്. എസ്.എസ് ലാലാണ് രണ്ടാമത്.വർക്കല, വാമനപുരം, നെടുമങ്ങാട്, പാറശാല, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കോവളം എന്നിവിടങ്ങളിൽ എൽ.ഡി.എഫ് മുന്നിൽ.