jose-k-mani-kaappan

കോട്ടയം: പാലായിൽ മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലേ‌റ്റ കനത്ത തിരിച്ചടി ഇത്തവണയും പാലായിൽ ജോസ്.കെ മാണിയെ പിന്തുടരുമോ എന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.

54 വർഷം എം.എൽ.എയായിരുന്ന കേരള കോൺഗ്രസിന്റെ അമരക്കാരൻ കെ.എം മാണിയുടെ മരണത്തെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അന്ന് എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായിരുന്ന മാണി.സി കാപ്പൻ അന്ന് യുഡിഎഫിലായിരുന്ന ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള‌ള കേരളകോൺഗ്രസിന്റെ ജോസ് ടോമിനെ 2247 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2021ലും മാണി.സി കാപ്പന്റെ മാ‌റ്റ് കുറഞ്ഞില്ല എന്നുതന്നെയാണ് ഫലം സൂചനകൾ നൽകുന്നത്. ഇടതു കേന്ദ്രങ്ങളിൽ അടക്കം കനത്ത മുന്നേറ്റമാണ് കാപ്പൻ നടത്തികൊണ്ടിരിക്കുന്നത്.