ചെന്നെെ: എക്സിറ്റ് പോളുകൾ ശരിവച്ച് തമിഴ്നാട്ടിൽ ഡിഎംകെയുടെ മുന്നേറ്റം. 142 സീറ്റുകളിൽ ഡിഎംകെ മുന്നേറുകയാണ്. 91 മണ്ഡലങ്ങളിൽ അണ്ണാഡിഎംകെയും ഒരിടത്ത് എംഎൻഎമ്മും മുന്നിട്ടു നിൽക്കുന്നു. ഭരണം പടിക്കാനായി 118 സീറ്റുകളാണ് വേണ്ടത്. ഈ മാന്ത്രിക സംഖ്യ ഡിഎംകെ വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ അനായാസം കെെപ്പിടിയിലൊതുക്കാനുളള സാദ്ധ്യതയാണ് തെളിയുന്നത്.
തമിഴ്നാട്ടിൽ പത്തു വർഷങ്ങൾക്കുശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിയുമെന്ന ഡിഎംകെയുടെ ആത്മവിശ്വാസം ശരിവയ്ക്കുന്ന തരത്തിലാണ് ഫലങ്ങൾ പുറത്തുവരുന്നത്. ഡിഎംകെ സ്ഥാനാർത്ഥി എം കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും മുന്നേറുകയാണ്. എംഎൻഎം സ്ഥാനാർത്ഥി കമൽ ഹാസനും ലീഡ് നിലനിർത്തുന്നു.
അണ്ണാഡിഎംകെ സ്ഥാനാർത്ഥി ഒ പനീർശെൽവം, ബിജെപി സ്ഥാനാർത്തി ഖുശ്ബു എന്നിവർ പിന്നിലാണ്. അതേസമയം അണ്ണാഡിഎംകെ സ്ഥാനാർത്ഥി എടപ്പാടി പളനിസ്വാമി ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഡിഎംകെ വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.