k-t-jaleel

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ തുടർഭരണത്തിലേക്ക് കാലെടുത്ത് വയ്‌ക്കുമ്പോൾ അദ്ദേഹത്തിന്റെ ആദ്യ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ തോൽവിയിലേക്ക്. തവനൂരിൽ കെ ടി ജലീലും കുണ്ടറയിൽ മേഴ്‌സിക്കുട്ടിയമ്മയുമാണ് പിന്നിലേക്ക് പോയത്.

മാർക്ക് ദാനം, ബന്ധുനിയമന വിവാദം അടക്കം കൃത്യമായ ഇടവേളകളിൽ പിണറായി മന്ത്രിസഭയെ വേട്ടയാടിയ ഭൂരിപക്ഷം വിവാദങ്ങളുടേയും നായകൻ തിരഞ്ഞെടുപ്പ് ഫലത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചത്. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച ചരിത്രമുളള ജലീലിനെ ഇത്തവണ ഫിറോസ് കുന്നുംപറമ്പിലാണ് വിറപ്പിച്ചത്. സംസ്ഥാനത്തൊട്ടാകെ ഇടത് തരംഗം ആഞ്ഞടിച്ചിട്ടും തവനൂരിൽ പിടിച്ചുനിൽക്കാൻ ജലീൽ പാടുപെടുകയായിരുന്നു.

ഇടതിന്റെ ഉറച്ചകോട്ടയായ കുണ്ടറയിൽ കോൺഗ്രസിന്റെ യുവമുഖം പി സി വിഷ്‌ണുനാഥാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അട്ടിമറിച്ച് വിജയത്തിലേക്ക് നീങ്ങുന്നത്. ആഴക്കടൽ മത്സ്യബന്ധന വിവാദമാണ് മണ്ഡലത്തിൽ മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് തിരിച്ചടിയായത് എന്നാണ് വിലയിരുത്തൽ.