assam-election

അസാമിൽ തുടർഭരണം നേടുന്ന ആദ്യ കോൺഗ്രസിതര സർക്കാ‌ർ

ഗുവാഹത്തി: അസാം നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന ഭരണമുന്നണിയായ എൻ.ഡി.എ (മിത്രജോത്)​ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറി ചരിത്രം കുറിച്ചു. സംസ്ഥാനത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കോൺഗ്രസിതര കക്ഷിയാണ് ബി.ജെ.പി. 126 അംഗ നിയമസഭയിൽ എൻ.ഡി.എ 80 സീറ്റിൽ ലീഡ് ചെയ്യുകയാണ്. കേവല ഭൂരിപക്ഷത്തിന് 64 സീറ്റ് മതി. കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ മഹാസഖ്യം (മഹാജ്യോത്)​ 45 സീറ്റിലാണ് മുന്നിൽ.

ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ,​ ധന,​ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ,​ അസാം ഗണ പരിഷത്ത് അദ്ധ്യക്ഷനും മന്ത്രിയുമായ അതുൽ ബോറ, മന്ത്രി പീയൂഷ് ഹസാരിക ഡെപ്യൂട്ടി സ്പീക്കറും ബി.ജെ.പിയുടെ ഏക മുസ്ലീം എം.എൽ.എയുമായ അമിനുൾ ഹക്ക് ലാസ്‌കർ തുടങ്ങിയ പ്രമുഖ നേതാക്കൾ വിജയിച്ചു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി പാർട്ടിയുടെ ഉന്നത നേതാവായി മാറിയ ഹിമന്ത ശർമ്മ തുടർച്ചയായി അഞ്ചാം തവണയും വിജയിച്ചു. ഇത്തവണ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നാണ് കരുതുന്നത്.

 ലീഡ്നില

 മിത്രജ്യോത് - 80

 ബി. ജെ. പി - 62

 അസാം ഗണ പരിഷത്ത് (എ.ജി.പി)​ - 11

 യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യു.പി.പി.എൽ)​ - 7

 മഹാസഖ്യം - 45

കോൺഗ്രസ് - 28

 ആൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ് )​ - 14​

 ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബി.പി.എഫ്)​ - 3

 സി.പി.എം,​ സി.പി.ഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ് ​ ലിബറേഷൻ)​-0

 ആഞ്ചലിക് ഗണ മോർച്ച (എ.ജി.എം) ​-0​

 ആർ.ജെ.ഡി - 0

 ചരിത്രം കുറിച്ച് അസാം

1978ൽ ആദ്യ കോൺഗ്രസിതര സർക്കാർ. ജനതാപാർട്ടി അധികാരത്തിൽ. ആഭ്യന്തര ഭിന്നതകൾ കാരണം 18 മാസം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി ഗോലാപ് ബോർബോറയുടെ സർക്കാർ രാജിവച്ചു. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി. പ്രക്ഷോഭം നയിച്ച അസാം ഗണപരിഷത്തുമായി കേന്ദ്രസർക്കാർ അസാം കരാർ ഒപ്പിട്ടു. തുടർന്ന് 1985ലും 1996ലും എ.ജി.പി അധികാരത്തിൽ വന്നു. രണ്ട് തവണയും കാലാവധി കഴിഞ്ഞപ്പോൾ കോൺഗ്രസ് അധികാരം തിരിച്ചു പിടിച്ചു. 2001മുതൽ തുടർച്ചയായി മൂന്ന് ടേം (15 വർഷം)​ കോൺഗ്രസ് ഭരിച്ചു. കോൺഗ്രസിന്റെ ആ തുടർ ഭരണം അവസാനിപ്പിച്ച് 2016ൽ ബി.ജെ.പി അധികാരത്തിലേറി. ഇപ്പോൾ ഭരണം നിലനിർത്തി ബി.ജെ.പി പുതിയ ചരിത്രം കുറിച്ചു.