തിരുവനന്തപുരം: തനിക്ക് എതിരെ കെട്ടിപൊക്കിയ സർവ ഇമേജുകളും തകർത്തെറിഞ്ഞാണ് തുടഭരണത്തിലേക്ക് പിണറായി കാലെടുത്ത് വയ്‌ക്കുന്നത്. സ്വർണക്കടത്ത്, സ്‌പ്രിൻക്ലർ, ലൈഫ് മിഷൻ അഴിമതി, മുന്നാക്കസംവരണം, ബിനീഷ് കോടിയേരി തുടങ്ങി കഴിഞ്ഞ ഒരു വർഷത്തിനിടെ ഒന്നിനു പിറകേ ഒന്നായാണ് വിവാദങ്ങൾ ഈ സർക്കാരിനെ വേട്ടയാടിയത്. എന്നാൽ അതിനെയെല്ലാം തൂത്തെറിഞ്ഞാണ് പിണറായി അധികാര കസേരയിലേക്ക് എത്തുന്നത്.
എൻഫോഴ്മെന്റ് ഡയറക്‌ടറേറ്റ്, എൻ ഐ എ, സി ബി ഐ, ഇൻകംടാക്‌സ് അങ്ങനെ തിരഞ്ഞെടുപ്പ് അടുക്കുന്തോറും പിന്നിൽ നിന്ന് മാറാതെയാണ് കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിനെ വേട്ടയാടിയത്. എന്നാൽ, കാറ്റിലും കോളിലും പെട്ട് ഉലഞ്ഞൊരു കപ്പലിനെ ഒരു പോറൽ പോലും ഏൽക്കാതെ സുരക്ഷിതമായി തീരത്തോട്ടടുപ്പിച്ച് നങ്കൂരമിടുന്ന കപ്പിത്താനെ പോലെ ഇടതുമുന്നണിയെ മൃഗീയഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് എത്തിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
രാഷ്ട്രീയ എതിരാളികളെല്ലാം വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും, പ്രളയമായും നിപ്പയായും കൊവിഡായും ദുരന്തങ്ങൾ ആവർത്തിച്ചപ്പോഴും ജനങ്ങൾ മുഖ്യമന്ത്രിയിൽ വിശ്വാസമർപ്പിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ ബന്ധുബലവും വ്യക്തിപരമായ വോട്ടുകളുമാണ് എൽ ഡി എഫിന് വിജയം സമ്മാനിച്ചതെന്ന് അവകാശപ്പെട്ട യു ഡി എഫ്, ബി ജെ പി നേതാക്കൾക്ക് കരണത്തേറ്റ അടിയാണ് സംസ്ഥാനത്തുണ്ടായ തുടർഭരണം.
കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ പതിവായി ആവർത്തിക്കുന്ന ഭരണവിരുദ്ധ വികാരം ഈ തിരഞ്ഞെടുപ്പിന്റെ ഏഴയലത്ത് പോലും വന്നില്ല. അപ്പോഴും നിശബ്‌ദതരംഗമുണ്ടാകുമെന്ന ഇടതിന്റെ വിശ്വാസം ചായകോപ്പയിലെ കൊടുങ്കാറ്റായി. സർക്കാരിനെതിരെ വന്ന വിവാദങ്ങളും, പ്രതിപക്ഷ കക്ഷികൾ നടത്തിയ നിരന്തര ആക്രമണങ്ങളും സംസ്ഥാന സർക്കാറിന്റെ ഭരണനേട്ടങ്ങളെ നിഷ്ഫലമാക്കുമോയെന്നതായിരുന്നു ഈ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കിയിരുന്നത്. എന്നാൽ, വിവാദങ്ങൾക്ക് പിറകേ പോകാതെ വികസനങ്ങൾ ഉയർത്തിക്കാട്ടി വോട്ട് തേടുകയെന്ന പിണറായിയുടെ തന്ത്രം വിജയിക്കുന്ന കാഴ്‌ചയാണ് കണ്ടത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി ശിവശങ്കറും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനും ഉൾപ്പടെയുളളവർ വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്കാണ് ഈ സർക്കാരിനെ കൊണ്ടുപോയത്. ഒരുഘട്ടത്തിൽ വിവാദങ്ങളുടെ തലസ്ഥാനമായി തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. എന്നാൽ, ചുറ്റും വിവാദങ്ങൾ നിറയുമ്പോഴും ഒന്നും തന്നെ തൊടാൻ അനുവദിക്കില്ലെന്ന പിണറായിയുടെ ആത്മവിശ്വാസം മുന്നണിക്കും ഊർജമായെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
കൊവിഡ് പ്രതിരോധത്തിൽ കാട്ടിയ ജാഗ്രതയെ ഭരണനേട്ടമായി ഉയർത്തിക്കാട്ടാനും പിന്നീട് വന്ന പാളിച്ചയെ എതിരാളികൾ രാഷ്ട്രീയ ആയുധമാക്കി മാറ്റാതിരിക്കാനും സർക്കാർ ഏറെ ശ്രദ്ധചെലുത്തിയിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ, ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനുളള അവസരമായാണ് പിണറായി കൊവിഡിനെ കണ്ടത്. തന്റെ ടീമിനെ ഉപയോഗിച്ച് അത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്‌തു. ദിവസേനയുളള വാർത്താസമ്മേളനങ്ങൾ അതിൽ ഏറെ നിർണായകമായിട്ടുണ്ട്. പിണറായി എന്ന രാഷ്ട്രീയ നേതാവിന്റെ ശരീരഭാഷയെ തന്നെ മാറ്റിനിർവചിച്ച കാലമായിരുന്നു കൊവിഡിന്റെ നാളുകൾ. ഗൗരവവും ദേഷ്യവും മാത്രമല്ല, തമാശയും ചിരിയും ഉപദേശവുമെല്ലാം തനിക്ക് വഴങ്ങുമെന്ന് മുഖ്യമന്ത്രി ആറ് മണി നേരങ്ങളിൽ തെളിയിച്ച് കൊണ്ടേയിരുന്നു.
കേരളത്തിൽ ഒരു ഭരണമുന്നണിക്ക് നിഷ്‌പ്രയാസം തോൽക്കാനുളള അത്രയും വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു. എന്നാൽ, വിവാദങ്ങളെ അതിന്റെ വഴിക്ക് വിട്ട് മുഖ്യമന്ത്രിയിലും വികസനപ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുളള നയചാതുര്യം പിണറായിയുടെ ക്യാപ്‌റ്റൻ സ്ഥാനം അരക്കെട്ട് ഉറപ്പിച്ചിരിക്കുകയാണ്.
ലൈഫ് ഫ്ലാറ്റ് വിവാദം പ്രതിപക്ഷം ഉയർത്തിയപ്പോൾ അതിന്റെ ഗുണഭോക്താക്കളെ കുറിച്ചായിരുന്നു എൽ ഡി എഫ് പ്രചാരണം. കെഫോൺ പദ്ധതി പ്രതിസന്ധിയിലായപ്പോൾ ആ വിവാദത്തെയും നേട്ടമാക്കാൻ സർക്കാരിന് സാധിച്ചു. സൗജന്യ ചികിത്സയും റേഷൻ കിറ്റുകളും സാമൂഹ്യ ക്ഷേമ പെൻഷനുമെല്ലാം ഇടതുമുന്നണിക്ക് നേട്ടമായപ്പോൾ തിരഞ്ഞെടുപ്പ് കാലത്ത് കിറ്റുകൾ തടയാൻ ശ്രമിച്ച പ്രതിപക്ഷം ജനങ്ങൾക്ക് മുന്നിൽ അന്നംമുടക്കികളായി. പ്രതിപക്ഷത്തിന് ഉറക്കം കെടുത്തുന്ന ദിവസങ്ങൾ സമ്മാനിച്ച് തുടർഭരണത്തിന് തുടക്കമിടുന്ന പിണറായി ദേശീയ രാഷ്ട്രീയത്തിലെ തന്നെ ചെന്താരകമായി മാറുകയാണ്.