ജൊഹന്നാസ്ബർഗ്: ലോകപ്രശസ്ത ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനും നാടകകൃത്തുമായ ഇന്ത്യൻ വംശജൻ റോണി ഗോവിന്ദർ (87 ) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കേപ്ടൗണിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. വർണവിവേചനകാലത്ത് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ, ആഫ്രിക്കൻ ജനത അനുഭവിച്ച ദുരിതങ്ങൾ വിഷയമാക്കി പുസ്തകങ്ങളും നാടകങ്ങളും രചിച്ചാണ് അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായത്.
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ബഹുമതിയായ 'ഓർഡർ ഒഫ് ഇകമാൻഗ' ജേതാവാണ് ഗോവിന്ദർ. നാട എഴുത്തിലൂടെ ജനാധിപത്യം,സമാധാനം, തുടങ്ങിയവക്ക് നൽകിയ സംഭാവന മുൻ നിറുത്തിയാണ് അദ്ദേഹത്തിന് ഈ പുരസ്കാരം നൽകിയത്. ഗോവിന്ദറിന്റെ 'കാറ്റോ മാനോർ സ്‌റ്റോറീസി'ന് 1997ലെ കോമൺവെൽത്ത് റൈറ്റേഴ്സ് പുരസ്‌കാരം ലഭിച്ചിരുന്നു.
ഇന്ത്യയിൽ നിന്ന് കുടിയേറിയ കരാർ തൊഴിലാളി ദമ്പതിമാരുടെ മകനായി കാറ്റോ മാനറിൽ ജനിച്ച ഗോവിന്ദർ, വെള്ളക്കാരുടെ അവഗണയെ തുടർന്ന് സ്വന്തമായി തിയേറ്റർ സ്ഥാപിച്ചു. ഷാ തിയേറ്റർ അക്കാദമി എന്ന സ്ഥാപനത്തിലൂടെ നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു. അദ്ദേഹം ആവിഷ്‌കരിച്ച 'ലാഹ്നീസ് പ്ലഷർ' എന്ന നാടകം രാജ്യത്തിനകത്തും പുറത്തും ഏറെ ശ്രദ്ധ നേടിയിരുന്നു. 2014 ൽ ഡർബൻ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു