കൊൽക്കത്ത: ഇലക്ഷൻ മാനേജുമെന്റിൽ നിന്നും വിരമിക്കുന്നതായി ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച പ്രശാന്ത് കിഷോർ. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് വൻ വിജയത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ മേഖലയിൽ നിന്നും വിരമിക്കുന്നതായി അറിയിച്ചിരിക്കുന്നത്.
ഞാൻ വളരെക്കാലമായി ഈ മേഖലയിൽ നിന്നും രാജിവയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു, ഒരു അവസരം തേടുകയായിരുന്നു. ബംഗാൾ തനിക്ക് ആ അവസരം നൽകിയെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോടു പറഞ്ഞു. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നൂറു സീറ്റുകൾ മറികടന്നാൽ രാജിവയ്ക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ തൃണമൂലിന് അഭിമാനകരമായ നേട്ടം സമ്മാനിച്ചതിനു ശേഷമാണ് പ്രശാന്തിന്റെ പടിയിറക്കം.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജി രാഷ്ട്രീയപരമായി താഴെക്കിടയിൽ കൊണ്ടുവന്ന മാറ്റങ്ങൾക്ക് ബി.ജെ.പി കാരണമായിട്ടില്ല. മമതയുടെ കീഴിൽ തൃണമൂലിനുണ്ടായ മാറ്റങ്ങൾ മനസിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. അതിനെപ്പറ്റി അവർ ബോധവാൻമാരായിരുന്നില്ല. തന്ത്രങ്ങൾ മാറ്റുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടെന്നും ബി.ജെ.പിയുടെ ബംഗാളിലെ പരാജയത്തെപ്പറ്റി പ്രശാന്ത് പ്രതികരിച്ചു.
ഒരു തിരഞ്ഞെടുപ്പിൽ എത്രയൊക്കെ ധ്രുവീകരിക്കപ്പെട്ടാലും 50-55 ശതമാനത്തിനു മുകളിൽ സാമുദായിക വോട്ടുകൾ നേടുക എളുപ്പമല്ല. 70-75 ശതമാനം ന്യൂനപക്ഷങ്ങൾ തൃണമൂലിന് വോട്ടുചെയ്തു. ദളിത് സമൂഹം ബി.ജെ.പിക്ക് ഒപ്പമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അതവരെ തിരികെ എത്തിക്കുന്നതിന് വിപുലമായ പ്രവർത്തങ്ങളും പരിപാടികളും നടത്താൻ തങ്ങളെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനു മുൻപ് ബി.ജെ.പിയിലേക്ക് പോയ തൃണമൂൽ നേതാക്കളെപ്പറ്റിയും പ്രശാന്ത് പ്രതികരിച്ചു. അവർ ചീഞ്ഞ മുട്ടകളാണ്, അതിന് വലിയ പ്രാധാന്യം നൽകിയിട്ടില്ല. യഥാർത്ഥത്തിൽ തൃണമൂൽ സ്വയം വൃത്തിയാകുകയായിരുന്നു. പുറത്തുപോയവരിൽ ഭൂരിഭാഗവും ഇപ്പോൾ ഒന്നുമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.