റയൽ 2- ഒസാസുന 0
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ കിരീടം നിലനിറുത്താൻ കരളുറപ്പോടെ മുന്നേറുകയാണ് റയൽ മാഡ്രിഡ്. കഴിഞ്ഞ രാത്രി മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ഒസാസുനയെ കെട്ടുകെട്ടിച്ച റയൽ പട്ടികയിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് രണ്ട് പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്. സീസണിൽ നാലു മത്സരങ്ങൾ വീതമാണ് റയലിനും അത്‌ലറ്റിക്കോയ്ക്കും ശേഷിക്കുന്നത്.
റയലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലായിരുന്നു രണ്ടുഗോളുകളും പിറന്നത്.76-ാം മിനിട്ടിൽ എദർ മിലിറ്റാവോയും 80-ാം മിനിട്ടിൽ കാസിമെറോയുമാണ് സ്കോർ ചെയ്തത്. ഇസ്കോ എടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു മിലിറ്റാവോയുടെ ഗോൾ.ബെൻസേമയാണ് കാസിമെറോയ്ക്ക് ഗോളടിക്കാൻ പന്തെത്തിച്ചത്.
ഈ വിജയത്തോടെ റയലിന് 34 മത്സരങ്ങളിൽ നിന്ന് 74 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്ക്ക് ഇത്രതന്നെ മത്സരങ്ങളിൽ നിന്ന് 76 പോയിന്റാണുള്ളത്. മൂന്നാമതുള്ള ബാഴ്സലോണയ്ക്ക് 33 മത്സരങ്ങളൽ നിന്ന് 71പോയിന്റാണുള്ളത്.