
കോട്ടയം: പൂഞ്ഞാറിൽ പരാജയപ്പെട്ട ജനപക്ഷം സ്ഥാനാർത്ഥി പി.സി. ജോർജിന് ആദരാഞ്ജലി അർപ്പിച്ച് ഫ്ലക്സ് ബോർഡ്. ഈരാറ്റുപേട്ടയിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ജോർജിന്റെ ജനനത്തീയതിയും, മരണതീയതിയായി വോട്ടണ്ണൽ ദിനവും ബോർഡിൽ നൽകിയിട്ടുണ്ട്. ഫ്ളക്സിലെ അദ്ദേഹത്തിന്റെ മുഖം കരി ഉപയോഗിച്ച് വികൃതമാക്കിയിട്ടുണ്ട്. ആരാണ് ഇത് സ്ഥാപിച്ചതെന്ന് അറിയില്ല.
40 വർഷങ്ങളായി ജോർജ് അലങ്കാരം പോലെ കൊണ്ട് നടന്ന പൂഞ്ഞാർ എം.എൽ.എ സ്ഥാനം നഷ്ടപ്പെടുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കാണാനായത്. എൽ.ഡി.എഫിന്റെ സെബാസ്റ്റ്യൻ കുളത്തുങ്കലിനോട് 11,404 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. തോൽവി ഉറപ്പിച്ചതിനു ശേഷം ജോർജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൂന്നു മുന്നണിക്കുമെതിരെ മത്സരിച്ച തനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാർ ജനതയോട് നന്ദിയുണ്ടെന്ന് അദ്ദഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയം പിണറായിയുടെ സ്വന്തം നേട്ടമാണ്. കഴിഞ്ഞ അഞ്ചു വർഷം നടന്നത് മികച്ച എൽ.ഡി.എഫ് ഭരണമായിരുന്നു. പരാതിയുണ്ടായിരുന്ന ജലീലിനേയും മേഴ്‌സിക്കുട്ടിയമ്മയേയും ജനങ്ങൾ തോൽപ്പിച്ചു. കൊവിഡ്, വെളളപ്പൊക്ക സമയങ്ങളിൽ പിണറായി നടത്തിയ പ്രവർത്തനങ്ങൾ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. എൽ.ഡി.എഫിൻ്റെ, സി.പി.എമ്മിൻ്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. യഥാർത്ഥത്തിൽ പിണറായിയുടെ സ്വന്തം നേട്ടമാണിത്. കേരളത്തിന്റെ ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ ഭൂരിപക്ഷം ഇന്ന് 50,000 ആവുകയാണെന്നും ജോർജ് പ്രതികരിച്ചു.