k-surendran

എൻഡിഎ മുന്നണിയെ തോൽപ്പിക്കാനായി കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തെ പ്രധാനപ്പെട്ട മണ്ഡലങ്ങളിലെല്ലാം മുസ്ലിം ധ്രുവീകരണത്തിനു വേണ്ടിയുള്ള ആസൂത്രിതമായ നീക്കം നടന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിപക്ഷമായി തുടർന്നും മുന്നോട്ടുപോവാൻ തന്നെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നതെന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

'നേമത്ത് മാത്രമല്ല, എല്ലായിടത്തും മുസ്ലിം വോട്ടർമാർക്കിടയിൽ വ്യാപക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ കിട്ടിയതിനെക്കാൾ പതിനായിരത്തിൽ കൂടുതൽ വോട്ടുകൾ ഞങ്ങൾ പിടിച്ചിട്ടും 700 വോട്ടിന് പറയപ്പെട്ടു. പാലക്കാട്, ലോകാരാധ്യനായിട്ടുള്ള ഇ ശ്രീധരനെ പരാജയപ്പെടുത്താൻ സിപിഎമ്മിനകത്തെ മുസ്ലിം വോട്ടർമാർ യുഡിഎഫിന് വോട്ട് ചെയ്തു. പച്ചയായിട്ടുള്ള സത്യമാണത്. പ്രധാനപ്പെട്ട മണ്ഡലങ്ങളിലെല്ലാം മുസ്ലിം ധ്രുവീകരണത്തിനു വേണ്ടിയുള്ള ആസൂത്രിതമായ നീക്കം നടന്നു.'-സുരേന്ദ്രൻ പറയുന്നു.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനോടും സിപിഐഎമ്മിന്റെ ഏകാധിപത്യ പ്രവണതയോടും അഴിമതിയോടും തുടർന്നും ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിരോധം തീർത്തുകൊണ്ട് പോരാട്ടം തുടരുക തന്നെ ചെയ്യും. ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങളുടെ പ്രതിപക്ഷമായി തുടർന്നും മുന്നോട്ടുപോവാൻ തന്നെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ആശയപരമായി ഇടത് പാർട്ടികളോടുള്ള ഞങ്ങളുടെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിച്ചുകൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ടുപോവാൻ തയ്യാറാവും. ബിജെപി അദ്ധ്യക്ഷൻ പറയുന്നു.

പ്രതീക്ഷിച്ച സീറ്റുകളിൽ വിജയം നേടാൻ കഴിഞ്ഞില്ല എന്ന കാര്യം താൻ അംഗീകരിക്കുന്നുവെന്നും വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ പോലും ധ്രുവീകരണത്തിനുള്ള നീക്കം നടന്നുവെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. തിരഞ്ഞെടുപ്പിലെ പ്രകടനത്തെ സംബന്ധിച്ച് പാർട്ടിക്കകത്തും മുന്നണിക്കകത്തും വിശദമായ ചർച്ചകൾ നടത്തി ശക്തമായി മുന്നോട്ടുപോവുക എന്ന നിലപാടായിരിക്കും സ്വീകരിക്കുക. സുരേന്ദ്രൻ പറയുന്നു. താൻ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ പരാജയപ്പെട്ടിരുന്നു.