ipl-dc

പഞ്ചാബ് കിംഗ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

മായാങ്കിന്റെ അപരാജിത അർദ്ധസെഞ്ച്വറി (99*)പാഴായി

69 റൺസുമായി ധവാൻ ഡൽഹിയുടെ വിജയശിൽപ്പി

അഹമ്മദാബാദ് : ഇന്നലെ നടന്ന രണ്ടാം ഐ.പി.എൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ച് ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാമതേക്ക് എത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. 58 പന്തുകളിൽ പുറത്താകാതെ 99 റൺസെടുത്ത മായാങ്ക് അഗർവാളിന്റെ പ്രകടനമാണ് പഞ്ചാബിനെ ഈ സ്കോറിലെത്തിച്ചത്. എന്നാൽ 14 പന്തുകൾ ബാക്കിനിൽക്കേ ഡൽഹി വിജയത്തിലെത്തി. പുറത്താകാതെ 69 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിക്ക് സീസണിലെ ആറാം വിജയമൊരുക്കിയത്.

അപ്പൻഡിസൈറ്റിസ് അസുഖം മൂലം ആശുപത്രിയിലായ കെ.എൽ രാഹുലിന് പകരം മായാങ്കാണ് ഇന്നലെ പഞ്ചാബിനെ നയിച്ചത്. രാഹുലിന് പകരം ഓപ്പണിംഗിനിറങ്ങിയ പ്രഭ്സിമ്രാൻ സിംഗ് (12),ക്രിസ് ഗെയ്ൽ(13) എന്നിവർ വേഗം പുറത്തായ ശേഷം ഡേവിഡ് മലാൻ(26) മായാങ്കിനൊപ്പം 52 റൺസ് കൂട്ടിച്ചേർത്തു. 14-ാം ഓവറിൽ മലാനും മടങ്ങിയെങ്കിലും മായാങ്ക് അവസാനം വരെ ക്രീസിൽ കാലുറപ്പിച്ചുനിന്ന് പോരാടി. അതിനിടയിൽ ദീപക് ഹൂഡ(1),ഷാറുഖ് ഖാൻ (4),ക്രിസ് യോർദാൻ (2) എന്നിവർ കൂടാരം കയറിയിരുന്നു. 58 പന്തുകൾ നേരിട്ട മായാങ്കിന്റെ ബാറ്റിൽ നിന്ന് എട്ടുഫോറും നാലു സിക്സുമാണ് പറന്നത്.

മറുപടിക്കിറങ്ങിയ ഡൽഹിക്കായി ധവാനും പൃഥ്വി ഷായും (39) ചേർന്ന് മികച്ച തുടക്കം നൽകി. 22 പന്തിൽ മൂന്നുവീതം ഫോറും സിക്സുമടിച്ച ഷാ ഏഴാം ഓവറിലാണ് പുറത്തായത്. തുടർന്ന് സ്മിത്ത് (24), റിഷഭ് പന്ത് (14) എന്നിവർ പുറത്തായെങ്കിലും സീസണിലെ മൂന്നാം അർദ്ധസെഞ്ച്വറിയോടെ ടീമിനെ വിജയത്തിലെത്തിച്ചു.

12 പോയിന്റാണ് ഇപ്പോൾ ഡൽഹിക്കുള്ളത്. അഞ്ചാം തോൽവി വഴങ്ങിയ പഞ്ചാബ് ആറു പോയിന്റുമായി ആറാമതാണ്.