ghghgh

റിയാദ് : പെരുന്നാൾ ദിവസം ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടെങ്കിലും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നുണ്ട്. അതിനാൽ റംസാനിലോ പെരുന്നാൾ ദിവസങ്ങളിലോ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നീക്കമില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. വാക്‌സിനേഷൻ പൂർത്തിയാകുന്നതോടെ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യം മുക്തമാകും. അതിന് എല്ലാവരും വാക്‌സിൻ സ്വീകരിക്കുവാൻ തയ്യാറാകണമെന്നും മന്ത്രാലയം പറഞ്ഞു. ഇതുവരെ രാജ്യത്ത് 91 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്. ഇതുവരെ 4,17,363 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം കൊവിഡ് മുക്തമായവരുടെ എണ്ണം 4,00,580 ആയി ഉയർന്നു. 6,957 പേർ ഇതുവരെ മരിച്ചു