നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ പ്രൊഫൈലുകൾ. പാലക്കാഡ് മണ്ഡലത്തിൽ ജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ ലക്ഷ്യം വച്ചാണ് ഇത്തരക്കാരുടെ വിദ്വേഷ പ്രചാരണം. ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരന്റെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഷാഫി മണ്ഡലത്തിൽ വിജയം നേടിയത്.
എന്നാൽ ഷാഫിയുടെ വിജയം വിദ്വേഷ പ്രചാരണം നടത്താനുള്ള വഴിയായാണ് ചിലർ കാണുന്നത്. ഷാഫി 'ജിഹാദി'യാണെന്നും കേരളം അടുത്ത കാശ്മീർ ആണെന്നും മറ്റുമുള്ള ദുഷ്പ്രചരണങ്ങളാണ് ഇവർ അഴിച്ചുവിടുന്നത്. ദേശീയ മാദ്ധ്യമങ്ങളുടെ വാർത്തകളുടെ കമന്റ് ബോക്സുകൾ വഴിയാണ് ഇത്തരക്കാർ ഈ പ്രചാരണം നടത്തുന്നത്.
കേരളത്തിൽ ബിജെപി ഇത്തവണ ഒറ്റ സീറ്റ് പോലും നേടാതായതോടെ കേരളം ബിജെപി മുക്തമായെന്ന പ്രചാരണം അരങ്ങ് തകർക്കുന്ന വേളയിലാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങളുമായി ഇക്കൂട്ടർ എത്തിയിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ ഇ ശ്രീധരൻ ജയംനേടുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി.
വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകളും ഇതിലേക്ക് വിരൽ ചൂണ്ടിയിരുന്നു. എന്നാൽ വോട്ടെണ്ണലിന്റെ അവസാന ഘട്ടങ്ങളിലേക്കെത്തിയപ്പോൾ ഷാഫി തന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.
99 സീറ്റുകളിൽ മിന്നുന്ന ജയം നേടിയാണ് ഇടതുമുന്നണി കേരളത്തിൽ അധികാരത്തിലെത്തുന്നത്. പ്രധാന പ്രതിപക്ഷമായ യുഡിഎഫ് 41 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുത്തി പൂജ്യം സീറ്റുകൾ എന്ന നിലയിലേക്കാണ് എൻഡിഎ/ബിജെപി എത്തി.
content details: social media profiles unleash communalist cyber attack against shafi parambils win.