balakrishnapillai

കൊല്ലം: ഒരേ സമയം നിയമസഭയിലും ലോക്സഭയിലും പ്രവർത്തിച്ച ആർ. ബാലകൃഷ്ണപിള്ള മന്ത്രിയായും പഞ്ചായത്ത് പ്രസിഡന്റായും ഒരേ സമയം പ്രവർത്തിച്ചതും ചരിത്രമാണ്. ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ പ്രസിഡന്റായിരിക്കുമ്പോൾ പിള്ള സംസ്ഥാന മന്ത്രിസഭയിൽ അംഗമാണ്. സ്റ്റേറ്റ് കാറിൽ വന്നിറങ്ങുന്ന പഞ്ചായത്തുപ്രസിഡന്റിനെ ഇപ്പോഴും പഴമക്കാർ ഓർക്കുന്നുണ്ട്. വാളകം കീഴൂട്ട് വീട് ഉൾപ്പെടുന്നതാണ് കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ പഞ്ചായത്ത്. ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ പത്തനാപുരത്ത് എം.എൽ.എ ആയി തിളങ്ങുന്ന പിള്ളയോട് 1963ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും പഞ്ചായത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കണമെന്നും നാട്ടിലെ പ്രമാണിമാരടക്കമുള്ളവർ അഭ്യർത്ഥന നടത്തി.

അടുപ്പമുള്ളവരുടെ അഭ്യർത്ഥന മാനിച്ച പിള്ള ഒരു ഡിമാന്റുവച്ചു, "ഞാൻ വീടുകയറി വോട്ടു ചോദിക്കില്ല, സ്ളിപ്പ് കൊടുപ്പും ചുമരെഴുതി പ്രചാരണവും വേണ്ട". വന്നവർ ഡിമാന്റ് അംഗീകരിച്ചതോടെ മത്സരത്തിനിറങ്ങി. എതിർ സ്ഥാനാർത്ഥിക്ക് ഏഴ് വോട്ട് മാത്രം നൽകി പിള്ള മെഗാഭൂരിപക്ഷത്തിൽ വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമായി.

1960ൽ ഇരുപത്തഞ്ചാം വയസിൽ നിയമസഭാ സാമാജികനായെങ്കിലും പഞ്ചായത്തിലെ വിജയം പിള്ളയ്ക്കും രസിച്ചു. പിന്നെ തുടർച്ചയായി 27 വർഷം ഇടമുളയ്ക്കൽ പഞ്ചായത്തിന്റെയും 11 വർഷം കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റായി. ഇതിനിടയിലാണ് 1975ൽ സി.അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്സൈസ്, ജയിൽ വകുപ്പ് മന്ത്രിയായത്. മന്ത്രിയായപ്പോൾ ഇടമുളയ്ക്കലുകാർ അപേക്ഷയുമായെത്തി, പ്രസിഡന്റ് സ്ഥാനം ഒഴിയരുത്. പിന്നെ പഞ്ചായത്തിന്റെ ചടങ്ങുകളിലെല്ലാം സ്റ്റേറ്റ് കാറിൽത്തന്നെ അവരുടെ പ്രസിഡന്റുമന്ത്രിയെത്തി. 1971ലും 77ലും മാവേലിക്കരയിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും പിള്ള പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

ഒരേ സമയം രണ്ടു തലങ്ങളിൽ പദവികൾ വഹിക്കാൻ കഴിയില്ലെന്ന നിയമം 2001 ൽ വന്നതോടെയാണ് അദ്ദേഹം വിട്ടുനിന്നത്.