padmaja

തൃശൂർ: തോൽവിയിൽ നിന്ന് കോൺഗ്രസ് പഠിക്കണമെന്ന് തൃശൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പത്മജ വേണുഗോപാൽ. പ്രശ്‌നങ്ങൾ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്നും അവർ പറഞ്ഞു. മരണം വരെ ജനങ്ങളുടെ ഇടയിൽ ജീവിയ്ക്കുമെന്നും പത്മജ കൂട്ടിച്ചേർത്തു.


'ഇതൊരു പരാജയമായിട്ട് എനിക്ക് തോന്നിയില്ല. കാരണം വളരെ ചെറിയ വോട്ടുകൾക്കാണ് തോറ്റത്. പിന്നെ തോൽക്കാൻ കാരണമെന്താണെന്ന് പാർട്ടിയാണ് കണ്ടുപിടിക്കേണ്ടത്, നമ്മളല്ലാലോ.നമ്മൾ ചെയ്യേണ്ട ജോലികൾ ചെയ്തു. പാർട്ടി പ്രവർത്തകർ കൂടെ നിന്നു. എന്തുകൊണ്ടാണ് തോറ്റതെന്ന് പാർട്ടി ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.എനിക്ക് മാത്രമല്ലല്ലോ, മൊത്തത്തിൽ വല്ലാത്തൊരു തോൽവിയല്ലേ. കാരണമെന്താണെന്ന് പാർട്ടി ഇനിയെങ്കിലും പഠിച്ചില്ലെങ്കിൽ മുന്നോട്ടുപോവുക ബുദ്ധിമുട്ടായിരിക്കും. ചില സ്ഥലങ്ങളിലെല്ലാം വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. അത് എവിടെ നിന്നാണ് പോയിട്ടുള്ളതെന്ന് പാർട്ടിയാണ് കണ്ടുപിടിക്കേണ്ടത്.'-പത്മജ വേണുഗോപാൽ പറഞ്ഞു.

തൃശൂര്‍ മണ്ഡലത്തില്‍ ശക്തമായ ത്രികോണ പോരാട്ടത്തിനൊടുവിൽ എൽ ഡി എഫിലെ പി ബാലചന്ദ്രനാണ് വിജയിച്ചത്.സുരേഷ് ഗോപിയായിരുന്നു എൻഡിഎ സ്ഥാനാർത്ഥി.വോട്ടെണ്ണലിന്‍റെ ആദ്യമണിക്കൂറിൽ സുരേഷ്ഗോപി മുന്നിട്ട് നിന്നിരുന്നു. പോസ്റ്റല്‍ വോട്ടില്‍ പത്മജയായിരുന്നു മുന്നില്‍.