kummanam-

തിരുവനന്തപുരം: സിറ്റിംഗ് സീറ്റായ നേമത്ത് ബി.ജെ.പി അടിയറവ് പറഞ്ഞത് അവസാന നിമിഷം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനാണ് മുന്നിൽ നിന്നത്. പകുതിയായപ്പോഴേക്കും കുമ്മനത്തിന്റെ ലീഡ് കുറഞ്ഞു. പോൾ ചെയ്ത 146017 വോട്ടിൽ എൽ.ഡി.എഫിലെ ശിവൻകുട്ടിക്ക് 55837 വോട്ട് കിട്ടിയപ്പോൾ കുമ്മനം രാജശേഖരന് ലഭിച്ചത് 51888 വോട്ടാണ്. യു.ഡി.എഫിലെ കെ. മുരളീധരൻ 36524 വോട്ട് നേടി.

2016ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ഒ. രാജഗോപാൽ 67813 വോട്ട് നേടിയാണ് വിജയിച്ചത്. അന്ന് രണ്ടാം സ്ഥാനത്തായ വി. ശിവൻകുട്ടിക്ക് 59412 വോട്ട് കിട്ടി. യു.ഡി.എഫിലെ വി. സുരേന്ദ്രൻപിള്ളയ്ക്ക് കിട്ടിയത് 13860 വോട്ടും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് നേമം മണ്ഡല പരിധിയിൽ നിയമസഭാതിരഞ്ഞെടുപ്പിൽ രാജഗോപാലിന് കിട്ടിയതിനേക്കാൾ 9000 വോട്ട് കുറവാണ് ലഭിച്ചതെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനേക്കാൾ 12000 വോട്ടിന്റെ ലീഡുണ്ടായിരുന്നു. കുമ്മനത്തിന് 58000 വോട്ട് ലഭിച്ചപ്പോൾ ശശിതരൂരിന് ലഭിച്ചത് 46000 വോട്ട്. എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായി.

ഇക്കഴിഞ്ഞ നഗരസഭാതിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് മണ്ഡലത്തിൽ മുൻതൂക്കമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ. മുരളീധരൻ വന്നതോടെ ചെറിയ ആശങ്കയുണ്ടായിരുന്നെങ്കിലും ന്യൂനപക്ഷ വോട്ടുകൾ ഇരുമുന്നണികൾക്കിടയിൽ വിഭജിച്ചുപോകുമെന്നും അതോടെ ജയിച്ചുകയറാമെന്നുമായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ. രാജഗോപാൽ പിടിച്ചതിൽ നിന്ന് ശശിതരൂർ തിരിച്ചുപിടിച്ച 9000 വോട്ട്, ബി.ജെ.പിക്ക് കിട്ടാവുന്ന 3000 വോട്ടുകൂടി മുരളീധരൻ പിടിച്ചാലും 55,000 വോട്ട് നേടി വിജയിക്കാമെന്നും ബി.ജെ.പി കണക്കുകൂട്ടി. എന്നാൽ, രാജഗോപാൽ പിടിച്ചതിൽ നിന്ന് 15,000 വോട്ട് മുരളീധരൻ ഇത്തവണതിരിച്ചുപിടിച്ചതായാണ് നിഗമനം. ശിവൻകുട്ടിക്ക് കിട്ടിക്കൊണ്ടിരുന്ന ന്യൂനപക്ഷവോട്ടിൽ പകുതിയെങ്കിലും മുരളീധരൻ പിടിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചെങ്കിലും 4000 വോട്ടുമാത്രമേ പിടിച്ചുള്ളുവെന്നാണ് വിലയിരുത്തൽ.