balakrishna-pillai

കൊല്ലം: കേരള കോൺഗ്രസുകൾ തലങ്ങും വിലങ്ങും പിളർന്നപ്പോഴും കേരളരാഷ്‌‌ട്രീയത്തിലെ മാടമ്പിയായാണ് ബാലകൃഷ്‌ണപിളള വളർന്നത്. പാർട്ടിയെ വളർത്താൻ പിരിവ് നടത്താതെ സ്വന്തം സ്വത്തുക്കൾ വിറ്റ് പണം കണ്ടെത്തിയിരുന്ന പിളള കൊട്ടാരക്കരയിലെ തലയെടുപ്പുളള കൊമ്പനായിരുന്നു. കൊട്ടാരക്കരയിലും പത്തനാപുരത്തും മാത്രമുളള ഒരു പാർട്ടിയുടെ നേതാവായിരുന്നിട്ടും സംസ്ഥാന രാഷ്‌ട്രീയത്തിലെ ഗർജിക്കുന്ന സിംഹമായാണ് പിളള വളർന്നത്. മന്നത്ത് പദ്മനാഭന്റെ കൈപിടിച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങിയ ബാലകൃഷ്‌ണപിളളയുടെ രാഷ്‌ട്രീയജീവിതം കയറ്റിറക്കങ്ങളുടേതാണ്. താൻ മരിക്കുമ്പോൾ കോൺഗ്രസിന്റെ ത്രിവർണ പതാക പുതച്ച് കിടക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് പല സ്വകാര്യ സംഭാഷണങ്ങളിലും അഭിമുഖങ്ങളിലും പറഞ്ഞ പിളള മരിക്കുന്നത് എൽ ഡി എഫിൽ നിന്ന് ഇടതുമുന്നണിയുടെ സമ്പൂർണ വിജയം കണ്ടാണ്.

കമ്മ്യൂണിസ്റ്റുകാരനായിട്ടായിരുന്നു ബാലകൃഷ്‌ണപിളളയുടെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. 'കീഴൂട്ട് ഒരു കുഞ്ഞുമരിച്ചാൽ അതിനെ അടക്കണമെങ്കിൽ ഞങ്ങളുടെ അനുവാദം വേണമെന്ന്' വാളകത്ത് വീട്ടുമുറ്റത്തുനിന്ന് കെ ആർ ഗൗരിയമ്മ പ്രസംഗിച്ചത് പിളളയുടെ മനസിൽ കനലായി കിടന്നു. പത്തനാപുരത്ത് ആദ്യമായി കന്നിയങ്കത്തിന് ഇറങ്ങുമ്പോൾ മീശമുളയ്ക്കാത്തവൻ എന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ ആക്ഷേപം. കേരള നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി ജയിച്ചുകയറിയ പിളളയുടെ രാഷ്‌‌ട്രീയ ഗ്രാഫ് അവിടെ നിന്ന് വളരുകയായിരുന്നു.

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രി ബാലകൃഷ്‌ണപിളളയാണ്. ഇടമലയാർ പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് സുപ്രീംകോടതി അദ്ദേഹത്തെ ഒരുവർഷം തടവിന് ശിക്ഷിച്ചത്. 1982–87ൽ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ഇടമലയാർ, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ബാലകൃഷ്ണപിളള ജയിലിലാകുന്നത്. എന്നാൽ ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളപ്പിറവിയോട് അനുബന്ധിച്ച് ഇളവ് ലഭിച്ച 138 തടവുകാർക്കൊപ്പം ജയിൽമോചിതനായി.

പഞ്ചാബ് മോഡൽ എന്ന വിവാദമായ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സാഹചര്യവും അദ്ദേഹത്തിനുണ്ടായി. കെ കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്ണപിളളയുടെ രാജിയിലേക്ക് നയിച്ച സംഭവമായിരുന്നു പഞ്ചാബ് മോഡൽ പ്രസംഗം. 1985ലായിരുന്നു ഇത്. പാലക്കാട് അനുവദിക്കാമെന്നേറ്റ കോച്ച്‌ ഫാക്‌ടറി പഞ്ചാബിലേക്ക് കൊണ്ടുപോയതിനെതിരെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാ കോൺഗ്രസ്‌ സമരപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. കോൺഗ്രസിലെയും കേരളാ കോൺഗ്രസിലെയും രാഷ്ട്രീയ കളികൾക്കിടെ പിളളയ്‌ക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.

കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരിൽ സംസ്ഥാനത്ത് അയോഗ്യനാക്കപ്പെട്ട ഏക എം എൽ എയും ബാലകൃഷ്‌ണപിളളയാണ്. രാഷ്ട്രീയത്തിന് പുറമെ സിനിമയിലും ‌‌ബാലകൃഷ്ണപിളള ഒരുകൈ നോക്കിയിട്ടുണ്ട്. മകൻ ​ഗണേഷ്‌കുമാറിന് മുമ്പേ ക്യാമമറയ്ക്ക് മുന്നിലെത്തിയതും പിളള തന്നെയാണ്. ‘ഇവളൊരു നാടോടി’ എന്ന ചിത്രത്തിലാണ് ബാലകൃഷ്‌ണപിളള ആദ്യം അഭിനയിച്ചത്. ‘നീലസാരി’ എന്ന സിനിമയിലും ചെറിയ വേഷത്തിലെത്തി. സുകുമാരൻ നായകനായ ‘വെടിക്കെട്ടിൽ’ അഭിനയിക്കുന്നതിനിടെയാണ് വൈദ്യുതി മന്ത്രിയായത്.

കേരള കോൺഗ്രസിന്റെയും കേരളത്തിലെ യു ഡി എഫിന്റെയും സ്ഥാപകനേതാവായ പിളള അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ നിന്നിറങ്ങി ജയിൽ മന്ത്രിയാകുന്നതും കേരളം കണ്ടു. 2004ൽ ആന്റണിക്ക് പകരം വന്ന ഉമ്മൻചാണ്ടി തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത് മുതലാണ് അദ്ദേഹം യു ഡി എഫുമായി തെറ്റിയത്. കൊട്ടാരക്കരയിൽ കൊടിക്കുന്നിലിന്റെ വളർച്ചയും പിളളയും കോൺഗ്രസുമായുളള ബന്ധം വഷളാക്കി.

2006ൽ കൊട്ടാരക്കരയിൽ ഐഷാ പോറ്റിയോട് പരാജയപ്പെട്ടത് ഒപ്പംനിന്നവർ കാലുവാരിയതിനാലാണെന്ന് പിളള ഉറച്ചുവിശ്വസിച്ചു. പാർട്ടിക്കുളളിൽ മകനുമായുണ്ടായ ഭിന്നത കേരള കോൺഗ്രസ് (ബി) എന്ന ചെറുപാർട്ടിയെ പലപ്പോഴും പിളർപ്പിന്റെ വക്കോളമെത്തിച്ചെങ്കിലും അദ്ദഹത്തിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ മകൻ മുട്ടുമടക്കുന്നത് കേരളം കണ്ടു. മകന്റെ മന്ത്രിസ്ഥാനം കളയാൻ രണ്ട് തവണ മുന്നണിയിൽ പ്രശ്‌നങ്ങളുണ്ടാക്കിയ പിളള അതേ മകന് മന്ത്രിസ്ഥാനം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയോട് കലഹിക്കുന്നതിനും രാഷ്‌‌ട്രീയ കേരളം സാക്ഷിയായി. ഒടുവിൽ പതിറ്റാണ്ടുകൾ നീണ്ട ബാലകൃഷ്‌ണപിളളയെന്ന കേരള രാഷ്‌‌ട്രീയത്തിലെ അതികായകന്റെ ജീവിതം ഈ മേയ് മാസ പുലരിയിൽ അസ്‌തമിച്ചിരിക്കുകയാണ്.