vanathi-kamal

ചെന്നൈ: കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കിയിരുന്നത് നടൻ കമലഹാസന്റെ മക്കൾ നീതി മയ്യത്തെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നായിരുന്നു. മികച്ച വിജയം നേടുമെന്ന് തന്നെയായിരുന്നു എല്ലാവരുടെയും പ്രതീക്ഷ.

എന്നാൽ ഫലം പുറത്തുവന്നതോടെ ഉലകനായകൻ ഉൾപ്പടെ പാർട്ടിയിലെ മുഴുവൻ സ്ഥാനാർത്ഥികളും പരാജയപ്പെടുന്ന കാഴ്ചയ്ക്കായിരുന്നു തമിഴ്നാട് സാക്ഷ്യം വഹിച്ചത്.കോയമ്പത്തൂർ സൗത്തിൽ മത്സരിച്ച കമൽ ബിജെപിയുടെ വനതി ശ്രീനിവാസനോടാണ് തോറ്റത്.

വീട്ടമ്മമാർക്ക് ശമ്പളം, പത്ത് ലക്ഷം തൊഴിൽ അവസരങ്ങൾ, എല്ലാവീട്ടിലും കമ്പ്യൂട്ടറും ഇന്റർനെറ്റും തുടങ്ങിയ ആകർഷകമായ വാഗ്ദ്ധാനങ്ങളോടെ എത്തിയ കമലിനെ, 1500 വോട്ടുകൾക്കാണ് വനതി തോൽപിച്ചത്. താരപരിവേഷമുണ്ടായിരുന്ന മണ്ഡലത്തിൽ എന്തുകൊണ്ടാണ് കമലഹാസന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്? അതിന് ഒരുപരിധിവരെ വനതിയുടെ ജനപ്രീതി തന്നെയായിരിക്കാം കാരണം.

ആരാണ് ഈ വനതി ശ്രീനിവാസൻ?

ബി ജെ പി മഹിളാ മോര്‍ച്ചയുടെ ദേശീയ അദ്ധ്യക്ഷയാണ് വനതി ശ്രീനിവാസൻ. അമ്പതുവയസുകാരിയായ വനതി അഭിഭാഷക കൂടിയാണ്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (എബിവിപി) മുൻ അംഗവുമാണ്. വനതിയുടെ ആദ്യ തിരഞ്ഞെടുപ്പ് ജയമാണിത്. എതിർസ്ഥാനാർത്ഥിയായി കമലഹാസൻ എത്തിയതോടെ വളരെ സൂക്ഷിച്ചായിരുന്നു ബി ജെ പി കരുക്കൾ നീക്കിയത്.

വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ വനതി മൂന്നാം സ്ഥാനത്തായിരുന്നു. അപ്പോഴൊക്കെ കമലഹാസൻ തന്നെയായിരുന്നു മുന്നിൽ. പകുതി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മയൂര ജയകുമാർ ലീഡ് പിടിച്ചു. അവസാന റൗണ്ടെത്തിയപ്പോൾ കഥമാറി. മയൂരയെ മൂന്നാം സ്ഥാനത്താക്കി വനതി ജയിച്ചുകയറി.

എ ഐ എ ഡി എം കെയ്ക്കൊപ്പം മത്സരിച്ച ബി ജെ പിക്ക് വനതിയുടേത് ഉൾപ്പടെ നാലു സീറ്റിലാണ് ജയിക്കാനായത്. കോയമ്പത്തൂർ സൗത്ത് മണ്ഡലം രൂപീകൃതമായതിനുശേഷം എ ഐ എ ഡി എം കെ മാത്രമാണ് ഇവിടെ ജയിച്ചത്.