court

ന്യൂഡൽഹി: കൊവിഡ് രണ്ടാംഘട്ട വ്യാപനം തടയാൻ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ആലോചിച്ചുകൂടെയെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സ്വമേധയാ എടുത്ത കേസിന്റെ വാദത്തിനിടെയാണ് കോടതി ഇങ്ങനെ ചോദിച്ചത്. തിരിച്ചറിയൽ കാർഡുകളില്ല എന്ന കാരണത്താൽ ഒരു രോഗ ബാധിതനും സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണപ്രദേശങ്ങളിലോ ആവശ്യമായ ചികിത്സയോ മ‌റ്റ് സഹായമോ നൽകാതിരിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.

കൊവിഡ് രോഗികൾക്ക് ആശുപത്രിയിൽ സുഗമമായ പ്രവേശനം ലഭിക്കുന്നതിനും മരുന്നുകൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഒരു ദേശീയ നയം രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശം നൽകി. ഈ നയങ്ങൾ എല്ലാ സംസ്ഥാന സർക്കാരുകൾക്കും പാലിക്കാൻ കഴിയുന്നതാകണം. കിടത്തിചികിത്സയ്‌ക്ക് സൗകര്യമുള‌ള ആശുപത്രിയിൽ പ്രവേശനം ലഭിക്കുക എന്നത് കൊവിഡ് രോഗികൾ രണ്ടാംഘട്ട വ്യാപന സമയത്ത് നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്ന് സുപ്രീംകോടതി സൂചിപ്പിച്ചു.

'രാജ്യത്താകമാനം വിവിധ ആശുപത്രികളിൽ പ്രവേശനത്തിന് കൊവിഡ് രോഗികൾക്ക് ആശുപത്രികൾ അവരുടേതായ മാനദണ്ഡങ്ങൾ മുന്നോട്ടുവയ്‌ക്കുന്നു. വിവിധ സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും സ്വന്തമായ പ്രോട്ടോകോളുകൾ നടപ്പാക്കുന്നു. ഇതുകാരണം സാധാരണ പൗരൻ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.' കേസ് പരിഗണിക്കുന്ന ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ജസ്‌റ്റിസ് എൽ.നാഗേശ്വര റാവു,​ ജസ്‌റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരാണ് ബെഞ്ചിലെ മ‌റ്റ് അംഗങ്ങൾ. അതുകൊണ്ട് ദുരന്ത നിവാരണ നിയമപ്രകാരം കേന്ദ്ര സ‌ർക്കാർ കൊവിഡിനെ നേരിടാൻ ഒരു നയം രൂപീകരിച്ചേ മതിയാകൂവെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അതുവഴി ഒരു രോഗിയും ആശുപത്രിയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു.

കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ഓക്‌സിജൻ ബഫർ സ്‌റ്റോക്ക് സൃഷ്‌ടിക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ പോലും ഓക്‌സിജൻ ആവശ്യത്തിന് ലഭ്യമാകുന്ന തരത്തിൽ വികേന്ദ്രീകൃതമായി സൂക്ഷിക്കാൻ ഏർപ്പാടുണ്ടാക്കണമെന്നും ഞായറാഴ്‌ച കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. അടുത്ത നാല് ദിവസത്തിനകം ഇത് ഇപ്പോഴുള‌ള സംവിധാനത്തോടൊപ്പം ഇത് നടപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

തിങ്കളാഴ്‌ച അർത്ഥരാത്രിയ്‌ക്കകം ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം പരിഹരിച്ചിരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.ഓക്‌സിജൻ വിതരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നൊഴിയുന്നതുവഴി പൗരന്മാരുടെ ജീവൻ അപകടത്തിലാക്കരുതെന്ന് കോടതി ശക്തമായ നിർദ്ദേശം നൽകി. ഓക്‌സിജൻ ക്ഷാമ വിഷയത്തിൽ ഡൽഹി സർ‌ക്കാരും കേന്ദ്ര സർക്കാരും സഹകരിച്ച് പ്രവർത്തിക്കണമെന്ന് കോടതി പറഞ്ഞു.

സമൂഹമാദ്ധ്യമങ്ങൾ വഴി ജനങ്ങൾ അറിയിക്കുന്ന കൊവിഡ്‌കാല പോരായ്‌മയെ കുറിച്ചുള‌ള വിവരങ്ങൾ തടയാനോ നിയന്ത്രിക്കാനോ പാടില്ലെന്നും,​ അങ്ങനെ തടഞ്ഞാൽ കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് വിവിധ സർക്കാരുകളെ കോടതി മുൻപ് അറിയിച്ചിരുന്നു. കൊവിഡ് കാലത്തെ പോരായ്‌മകൾ പരിഹരിക്കണമെന്നും അതിന്റെ വിവരങ്ങൾ മേയ് 10ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അറിയിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു.