photo

കൊല്ലം: രശ്മി സജയൻ നോവലെഴുത്തിന്റെ തിരക്കിലാണ്, മൊബൈൽ ഫോണിൽ! ഫോണിൽ ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് ആപ്ളിക്കേഷനിലൂടെ രശ്മി തയ്യാറാക്കിയ നാല് പുസ്തകങ്ങൾ നേരത്തെ പ്രകാശനം ചെയ്തിരുന്നു. ഇപ്പോൾ രണ്ട് നോവലുകൾകൂടി മൊബൈലിലൂടെ പുറംലോകത്തെത്താനൊരുങ്ങുകയാണ്. അയനം എന്ന നോവൽ എഴുതി പൂർത്തിയാക്കി, കള്ളനും മാലാഖയും പൂർത്തീകരണഘട്ടത്തിലുമാണ്.

നോവലുകൾ മാത്രമല്ല, മുന്നൂറ് കവിതകൾ, നൂറ് കഥകൾ, ഒൻപത് ലേഖനങ്ങൾ തുടങ്ങി ഒട്ടറെ രചനകളാണ് ചവറ ശങ്കരമംഗലം ചെറുശേരിഭാഗം സരസിൽ രശ്മി സജയന്റെ മൊബൈൽ ഫോണിൽ തയ്യാറായിട്ടുള്ളത്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തവേളയിൽ തിരക്കൊഴിഞ്ഞ നേരങ്ങളിലാണ് സാഹിത്യത്തിന് വഴികണ്ടെത്തിയത്. പേപ്പറും പേനയുമായി എഴുതാൻ അന്ന് ജോലിസ്ഥലം അനുവദിച്ചിരുന്നില്ല. എന്നാൽ, മൊബൈൽ ഫോൺ അതിനായി പ്രയോജനപ്പെടുത്തി. രശ്മിയുടെ മൊബൈൽ ഫോണിൽ രൂപപ്പെട്ട കഥകളും കവിതകളും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അച്ചടിമഷി പുരണ്ടത് കണ്ടപ്പോൾ മാനേജുമെന്റും മൗനാനുവാദം നൽകി.

ജോലിയിൽ അർപ്പണബോധമുള്ളപ്പോൾ എഴുത്തിന് വിലങ്ങുതടിയിടുന്നത് എന്തിനെന്നാണ് മാനേജ്മെന്റ് ചിന്തിച്ചത്. 2018 ഏപ്രിൽ പതിനഞ്ചിന് 'വായനശാല' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. അതേവർഷം നവംബറിൽ പൊന്മന എന്ന കഥാ സമാഹാരവും അടുത്ത വർഷം 'മയൻ' എന്ന നോവലും പ്രസിദ്ധീകരിച്ചു. ജോലിഭാരം ഇറക്കിവച്ച് സാഹിത്യരചനയ്ക്ക് കൂടുതൽ സമയം കണ്ടെത്തിയ ശേഷമാണ് 2020 ആഗസ്റ്റ് 17ന് 'ജൂതനാണിവൻ' എന്ന നോവൽ വെളിച്ചം കണ്ടത്. പിന്നീട് എഴുത്തിൽ കൂടുതൽ സജീവമായി. ഫേസ് ബുക്കിലും വാട്സ് ആപ് കൂട്ടായ്മകളിലും ദിവസവും കവതകളെഴുതി നിറയ്ക്കാറുണ്ട്.

എല്ലാ എഴുത്തുകളും മൊബൈൽ ഫോണിലാണെന്നതാണ് രശ്മി സജയന്റെ സവിശേഷത. മൊബൈൽ ഫോണിൽ എഴുതിയ ശേഷം വായിച്ചുനോക്കി എഡിറ്റിംഗും സ്വന്തമായിത്തന്നെ നടത്തുകയാണ് രീതി. ഒരു പുസ്തകം പുറത്തിറക്കുന്നതിന് പ്രിന്റിംഗ് സഹായം മാത്രമേ രശ്മി പ്രതീക്ഷിക്കുന്നുള്ളൂ. രചനയും എഡിറ്റിംഗും ഡി.ടി.പിയുമെല്ലാം സ്വന്തം മൊബൈൽ ഫോണിൽത്തന്നെ നടത്തുന്നതിനാൽ മറ്റാരുടെയും സഹായം വേണ്ടിവരാറുമില്ല. ആശാൻ സ്മാരക സമിതിയുടെ സ്പെഷ്യൽ ജൂറി പുരസ്കാരം വായനശാല എന്ന കവിതാസമാഹാരത്തിന് ലഭിച്ചിരുന്നു. ഡോ. സുകുമാർ അഴീക്കോട് തത്വമസി നവാഗത പുരസ്കാരവും ചാനലിന്റെ എഴുത്തോല പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സർഗസാഹിതി സാംസ്കാരികവേദി സെക്രട്ടറിയുമാണ്.

ചവറ കെ.എം.എം.എൽ കമ്പനിയിലെ ചാർജ്ജ്മാനായ ഭർത്താവ് കെ. സജയനും എൻജിനീയറിംഗ് പഠനം പൂർത്തിയാക്കിയ മകൾ ഗോപിക ആർ. സജയനും കരുനാഗപ്പള്ളി എൻജിനീയറിംഗ് കോളേജിലെ മൂന്നാംവർഷ വിദ്യാർത്ഥിയായ മകൻ ആർ.എസ്. ഗോവിന്ദും രശ്മിയ്ക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്.