വളരെകാലം മുമ്പ് അയോധ്യഭരിച്ചിരുന്ന ഒരു സൂര്യവംശ രാജാവായിരുന്നു സുബാഹു. യാദവി അദ്ദേഹത്തിന്റെ ഭാര്യമാരിൽ ഒരാളും. വളരെനാളത്തെ പ്രാർത്ഥനകളുടേയും നേർച്ചകളുടെയും ഫലമായി യാദവി ഗർഭിണിയായി. ഗർഭം ഏഴാം മാസത്തിലെത്തിയപ്പോൾ സുബാഹുവിന്റെ അസൂയ മൂത്ത ഭാര്യമാരിലൊരാൾ യാദവിക്ക് വിഷം നൽകിയതുകാരണം ഗർഭം സ്തംഭിച്ചു. ഏഴുവർഷത്തോളം യാദവി ക്ഷമയോടെ തന്റെ ഗർഭവും പേറി നടന്നു. സുബാഹു അപ്പോഴേക്കും വൃദ്ധനായി. ഈ വാർദ്ധക്യം മുതലെടുത്ത് ഹേഹേയ രാജാവായ താലജംഘൻ അയോധ്യ ആക്രമിച്ചു. വാർദ്ധക്യം മറന്ന് കുറേ നാൾ തല ജംഘനോട് പിടിച്ചു നിന്നെങ്കിലും തുടർച്ചയായി നേരിടാൻ കഴിയാതെയായപ്പോൾ യാദവിയേയും കൂട്ടി സുബാഹു വനത്തിലേക്കോടി രക്ഷപ്പെട്ടു. വളരെ ദൂരം നടന്ന് അവർ ഒരാശ്രമ പരിസരത്തെത്തി. ഔർവ മഹർഷിയുടെ ആശ്രമമായിരുന്നു അത്. ആശ്രമത്തിലെത്തിച്ചേർന്ന രാജദമ്പതികൾക്ക് സ്നേഹപൂർവം മഹർഷി ആശ്രമത്തിൽ അഭയം നൽകി. ഈ ആശ്രമവാസത്തിനിടയിൽ സുബാഹു മരണപ്പെട്ടു. യാദവി സുബാഹുവിന്റെ ചിതയിൽ ചാടി ആത്മഹൂതി ചെയ്യാൻ ശ്രമിച്ചെങ്കിലും ഔർവൻ അത് തടഞ്ഞു. ഭവതിയുടെ ഗർഭത്തിലുള്ള ശിശു വളരെ പ്രസിദ്ധനായ ഒരു രാജാവായി തീരുമെന്നും അയോധ്യ അവൻ തിരികെ നേടുമെന്നും ഔർവൻ ഉപദേശിച്ചതിനെ തുടർന്ന് ആത്മഹൂതി ശ്രമം യാദവി ഉപേക്ഷിച്ചു.അധികനാൾ കഴിയുന്നതിനുമുമ്പ് യാദവി ഒരു പുത്രന് ജന്മം നൽകി. ഗരം (വിഷം) ഉള്ളിൽ ചെന്നതുമൂലം വളർച്ച സ്തംഭിച്ച ശേഷം ജനിച്ച ശിശു ആയതിനാൽ മഹർഷി കുഞ്ഞിന് സഗരൻ എന്നുപേരിട്ടു. ആശ്രമത്തിൽ വളർന്ന കുഞ്ഞിന് മഹർഷി തന്നെ ആവശ്യമായ വിദ്യാഭ്യാസവും ഉപനയനാദി കർമ്മങ്ങളും അത്യാവശ്യം അസ്ത്രശസ്ത്രവിദ്യകളും പഠിപ്പിച്ചു. മഹർഷി തന്റെ പിതാവായിരിക്കുമെന്നുധരിച്ച കുട്ടി ഒരു ദിവസം യാദവി കേൾക്കേ അച്ഛാ എന്നു വിളിച്ചു. യാദവി ഉടനെ സാഗരനോട് അത് നിന്റെ അച്ഛനല്ലെന്നും അച്ഛനേക്കാൾ വളരെ ഉന്നതസ്ഥാനത്തുള്ള ഒരു മഹർഷിവര്യനാണെന്നും മകന് പറഞ്ഞുകൊടുത്തു.താലജംഘന്റെ ഭരണത്തിൽ അസംതൃപ്തരായ അയോധ്യാവാസികൾ താലജംഘനെ ഭയന്നും വെറുത്തും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഒളിച്ചു താമസിക്കാൻ തുടങ്ങി. ഇതിനിടയിൽ പ്രശ്ന പരിഹാരത്തിനായി ഇവർ സംഘടിച്ച് വസിഷ്ഠ മഹർഷിയെ കണ്ടു. ദിവ്യദൃഷ്ടിയിലൂടെ സുബാഹു മരിച്ചുപോയെന്നും യാദവിയും മകനും ഔർവ മഹർഷിയുടെ ആശ്രമത്തിലുണ്ടെന്നു പുത്രനായ സഗരന് രാജ്യം ഭരിക്കാനുള്ള പ്രാപ്തിയൊക്കെ ആയിട്ടുണ്ടെന്നും അയോധ്യവാസികളെ അറിയിച്ചു. അയോധ്യാവാസികൾ കൂട്ടമായി ഔർവാശ്രമത്തിലെത്തി മഹർഷിയെ കാര്യങ്ങൾ ധരിപ്പിച്ചു. അയോധ്യാവാസികളെ കണ്ട യാദവി പഴയ ഓർമ്മകൾ അയവിറക്കി ദുഃഖം സഹിക്കാനാകാതെ നിറഞ്ഞ കണ്ണുകളോടെ അവരെ സ്വീകരിച്ചു. സുബാഹുവിന്റെ സൽഭരണത്തിന്റെ ഓർമ്മകൾ അവരും യാദവിയോട് പങ്കുവച്ചു. ഔർവർ യാദവിയേയും പുത്രനേയും അവരോടൊപ്പം അയോധ്യയിലേക്ക് പോകാൻ ആശിർവദിച്ച് അനുവദിച്ചു.അയോധ്യയിലെത്തിയ സഗരൻ തന്നോടൊപ്പം ഉണ്ടായിരുന്ന നാട്ടുകാരുടെ ആത്മാർത്ഥമായ പിന്തുണയാൽ താലജംഘനെ ഓടിച്ച് അയോധ്യാഭരണം പിടിച്ചെടുത്തു. സുബാഹുവിനെപ്പോലെ ജനക്ഷേമകരമായ ഭരണം കാഴ്ചവച്ച് സഗരൻ പ്രിയങ്കരനായ രാജാവായി.രാജാവായശേഷം സഗരൻ സുമതിയേയും കേശിനിയേയും വിവാഹം കഴിച്ചു. ഇതിൽ സുമതി വിഷ്ണു വാഹനമായ ഗരുഡന്റെ സഹോദരി ആയിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും പുത്രന്മാർ ജനിക്കാത്തതിനാൽ സഗരനും ഭാര്യമാരും കൂടി ഭൃഗു മഹർഷിയെ ധ്യാനിച്ച് വ്രതാനുഷ്ഠാനങ്ങൾ തുടങ്ങി. സംപ്രീതനായ ഭൃഗു പ്രത്യക്ഷപ്പെട്ട് സഗരനിൽ ഒരു ഭാര്യയ്ക്ക് അറുപതിനായിരം പുത്രന്മാരും മറ്റേ ഭാര്യയിൽ വംശം നിലനിറുത്തുന്ന ഒരു പുത്രനും ജനിക്കുമെന്ന് അനുഗ്രഹിച്ചു. കൗതുകപൂർവം ഒരു പുത്രൻ മാത്രം ജനിക്കുന്നതാർക്കെന്ന് ചോദിച്ച സഗരനോട് അത് ഭാര്യമാർക്ക് സ്വയം തീരുമാനിക്കാമെന്നും അറിയിച്ചു. ഇതുകേട്ടപാടേ കേശിനി അവൾക്കൊരു പുത്രനെ മതി എന്ന പേക്ഷിച്ചു. അപേക്ഷ അനുവദിച്ച ഭൃഗു മറഞ്ഞു.
( തുടരും )
(ലേഖകന്റെ ഫോൺ: 9447750159)