വളരെ പുരാതനമായ ഒരു നഗരമായിരുന്നു അത്. വീതി കുറഞ്ഞ ചെറിയ നിരത്തുകൾക്ക് പോലും പഴമയുടെ മണം. നിരത്തുകളോട് ചേർന്ന് പഴയമാതൃകയിലുള്ള ചെറിയ വീടുകൾ. നിരത്തുകളെല്ലാം പഴയ രാജവാഴ്ചക്കാലത്ത് നിർമ്മിച്ചവയാണ്. അക്കാലത്ത് രാജാവിന്റെ കുതിരവണ്ടി മാത്രമാണ് ആകെ അതുവഴി സ ഞ്ചരിക്കാനുണ്ടായിരുന്നത്. അന്നീ തെരുവുകളൊക്കെ വമ്പൻ രാജവീഥികളായിരുന്നു. കാലം പോകെ അവ യെല്ലാം ചെറുതും ഇടുങ്ങിയതും യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കുന്നവയുമായി മാറി.
ഞാനവിടെ എത്തുന്നത് ഒരു തണുത്ത വെളുപ്പാൻ കാലത്താണ്. വേറെയും ആളുകളുണ്ട്.നഗരമദ്ധ്യത്തിലെ ഇടിഞ്ഞ് പൊളിഞ്ഞ,പഴകി ജീർണിച്ച, ഒരു കോട്ടയായിരുന്നു മുമ്പ് അവിടുത്തെ മുഖ്യ ആകർഷണ കേന്ദ്രം.രാജാധിപത്യത്തിന്റെ അവശിഷ്ടം. പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്ന കോട്ട ഈയടുത്ത കാലത്താണ് ഒരു സ്വകാര്യ ഏജൻസിക്ക് കൈമാറി പ്രവർത്തിപ്പിക്കാനുള്ള അനുമതി നൽകിയത്. അവർ കോട്ട കുറച്ച് കൂടി പഴക്കം തോന്നിപ്പിക്കുന്ന രീതിയിൽ പുതുക്കിപ്പണിതു. കോട്ടയ്ക്കുള്ളിൽ പഴയ നാടുവാഴിയുടെ കൊട്ടാരമാണ് എടുത്ത് പറയത്തക്കത്തതായി ഉണ്ടായിരുന്ന കാഴ്ച. നാടുവാഴിയുടെ ഇരിപ്പുമുറിയും കിടപ്പുമുറിയും, അയാൾ സന്ദർശകരെ സ്വീകരിക്കുന്ന സ്ഥലം, പ്രജകൾക്ക് മുഖദർശനം നൽകുന്ന മട്ടുപ്പാവ്, കുറ്റവാളികളെ ശിക്ഷിക്കാനുള്ള പലതരം ശിക്ഷാ ഉപകരണങ്ങൾ, കൊലമരങ്ങൾ, നാടുവാഴിയുടെ സ്ഥാനാരോഹണച്ചടങ്ങിൽ അയാളും ഭാര്യയും ധരിക്കുന്ന വിശേഷപ്പെട്ട കുപ്പായങ്ങൾ എന്നിവയൊക്കെ അവിടെ പ്രദർശിപ്പിച്ചിരുന്നു. രാജ്ഞിയുടെ കുപ്പായം അനേകം തൊങ്ങലുകൾ പിടിപ്പിച്ചതും സ്വർണനൂലുകൾ പാകിയതുമായിരുന്നു.
കൊട്ടാരത്തിൽ സമഗ്രാധിപത്യത്തിന്റെ ക്രൗര്യം കണ്ണടച്ച് മയങ്ങുന്നത് ഞാൻ കണ്ടു. നിശബ്ദത പോലെ തന്നെയാണ് പഴമയും. രണ്ടും നിങ്ങളിൽ വല്ലാത്ത വീർപ്പുമുട്ടലുണ്ടാക്കും.ഇവിടെ,കൊട്ടാരത്തിലെ നിശബ്ദതയ്ക്ക് കൽപ്പനകളുടെ മുനയുണ്ട്.ഇവിടുത്തെ പഴമയ്ക്ക് മരിച്ചവന്റെ ചോരയുടെ തണുപ്പ്. ഭവ്യതയോടെ കൂടെ വന്ന കാവൽക്കാരനോട് ഞാൻ ചോദിച്ചു.
''എവിടെയായിരുന്നു മഹാരാജാവ് തിരുമനസിന്റെ കക്കൂസ്?""
ഒരു കൊട്ടാരത്തിലും അത്തരമൊന്ന് ഉണ്ടായിരിക്കില്ല, ഭായ്,എന്ന് മറുപടി.
ശരിയാണ്? ഞാനോർത്തു.കണ്ടിട്ടുള്ള ഒരു കൊട്ടാരത്തിലും ഒരു രാജകീയ കക്കൂസ് ഇല്ലായിരുന്നല്ലോ? അടച്ചിട്ട വിസർജ്ജനമുറിയിലെ ഒരു വലിയ വീപ്പയായിരുന്നു അന്നത്തെ കക്കൂസ്.വീപ്പ നിറയുമ്പോൾ അത് തലച്ചുമടായി എടുത്തുകൊണ്ടുപോകാൻ തോട്ടികൾ ഉണ്ടായിരുന്നു.ഇവിടെ മാത്രമല്ല,എവിടെയും പൊന്നുതമ്പു രാക്കൻമാരുടെ രാജകീയപ്രൗഢി നിലനിർത്തിയിരുന്നത് തലയിൽ മനുഷ്യമലം ചുമന്നിരുന്ന തോട്ടികളായി രുന്നു.തോട്ടികൾക്ക് പണിമുടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എല്ലാ കൊട്ടാരങ്ങളും നാറിത്തുലഞ്ഞേനെ.
ഞാനൊന്ന് ചിരിച്ചു. തോട്ടികളുടെ പണിമുടക്ക് ഭാവനയിൽ വന്നു. വീപ്പയും വിസർജ്ജനമുറിയും കവിഞ്ഞ് മലം പുറത്തേയ്ക്ക് ഒഴുകുന്ന കാഴ്ച ഓർത്തപ്പോൾ എനിക്ക് വല്ലാത്ത മനം പുരട്ടലുണ്ടായി.പിന്നെ അധിക നേരം ആ കൊട്ടാരത്തി ൽ ചെലവഴിച്ചില്ല. കൊട്ടാരം കാണാൻ ധാരാളം സന്ദർശകർ വന്നിരുന്നു.അക്കാലമായപ്പേഴേയ്ക്കും ആ നഗരം ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വളർന്നുവരികയായിരുന്നു.അതുകൊണ്ട് കോട്ടയ്ക്ക് ചുറ്റും ധാരാളം പീടികകൾ മുളച്ചു. താമസസൗകര്യങ്ങൾ ഒരുക്കുന്നവരും ചായപ്പീടിക നടത്തിപ്പുകാരും ഒക്കെയായി ഒരു വലിയ വിഭാഗം വള ർന്നു വരുന്നുണ്ടായിരുന്നു.കഞ്ചാവ് പോലെ ചെറുകിട മയക്കുമരുന്നുകൾ പതുക്കെപ്പതുക്കെ വ്യാപിച്ചു തുടങ്ങി യിരുന്നു.അവിടിവിടെയായി കുറച്ച് കൂട്ടിക്കൊടുപ്പുകാരും.അങ്ങനെ അതൊരു വിനോദ സഞ്ചാരകേന്ദ്രമായി വളർന്ന് വന്നു.
കോട്ടയിൽ നിന്ന് പുറത്തിറങ്ങി. ഞാൻ ആയിടെ മാത്രം നഗരാതിർത്തിയിൽ പ്രവർത്തനം തുടങ്ങിയ അമ്യൂസ് മെന്റ് പാർക്കിലേയ്ക്ക് നടന്നു. കോട്ടയിൽ തുടങ്ങിയ വിനോദസഞ്ചാരവ്യവസായത്തിന്റെ സ്വാഭാവിക വളർച്ചയായിരുന്നു ആ വിനോദോദ്യാനം. ഏതാണ്ട് അഞ്ഞൂറ് ഏക്കർ വിസ്തൃതിയിൽ പടർന്ന് കിടക്കുന്ന ഒരു വലിയ സ്ഥാപനമായിരുന്നു,അത്. മറ്റുപലയിടങ്ങളിലും ഇല്ലാത്ത ഒരു പാട് കാഴ്ചകളും വിനോദോപാധികളും അവിടെ ഉണ്ടായിരുന്നു. സിനിമാശാലകൾ, നാടകപ്പുരകൾ, പ്രണയമൂലകൾ, ജലക്രീഡാതടാകങ്ങൾ, നീന്തൽ കുളങ്ങൾ,ആകാശ ഊഞ്ഞാലുകൾ,യന്ത്രക്കുതിരകൾ, ഊഞ്ഞാൽ നൗകകൾ,മൃഗശാല,മത്സ്യോദ്യാനം,പൂന്തോട്ടം, മാന്ത്രികകൺകെട്ടുവേല പ്രദർശനം... എന്നിങ്ങനെ വൈവിദ്ധ്യമാർന്ന കാഴ്ചകൾകൊണ്ട് സമ്പന്നമായിരുന്നു, അവിടം.ആവശ്യക്കാർക്കായി ഒരു ചുവന്ന തെരുവ് പോലും അതിൽ സൃഷ്ടിച്ചിരുന്നു. മദ്യം കുറഞ്ഞവിലയ്ക്ക് സുലഭമായിരുന്നു.പക്ഷേ ഇതൊന്നുമായിരുന്നില്ല അവിടുത്തെ ഏറ്റവും പ്രധാന വിഭവം.അവിടെ എല്ലാ കാഴ്ചകളും കണ്ട് അവസാനമെത്തുമ്പോൾ ഒരു വിശേഷകാഴ്ച ഒരുക്കിയിരുന്നു.
ഒരു സവിശേഷ കോട്ടയായിരുന്നു ആ അവസനത്തെ കാഴ്ച.സങ്കീർണ്ണവും അനേകം സവിശേഷതകൾ ഉള്ളതുമായ ഒരു കോട്ട. അതുതന്നെ നൂറേക്കറിലധികം വരുമെന്നാണ് പുറത്ത് പറഞ്ഞ് കേട്ടത്.ഏറ്റവും പ്രധാനകാര്യം അതിൽ പ്രവേശിക്കുന്ന ഒരോരുത്തർക്കും വ്യത്യസ്ത അനുഭവങ്ങളാണ് ഉണ്ടാകുന്നത് എന്നതായിരു ന്നു.ചിലർക്ക് നല്ല കാഴ്ചകൾ കിട്ടും.ആനന്ദകരമായ അനുഭവങ്ങൾ കിട്ടും. ഉദ്യാനമോ, തടാകക്കരയോ, ഇളംകാറ്റി ലെ മഞ്ഞുവീഴ്ചയോ സംഗീതമോ ഒക്കെ പോലെ ആസ്വദിക്കാൻ കഴിയുന്നവ. ചിലർക്ക് ഭയാനകമായ അനുഭവ ങ്ങളാണ് ഉണ്ടാകുന്നത്. കത്തിജ്ജ്വലിക്കുന്ന തീക്കുണ്ഡത്തിൽപ്പെട്ടതു പോലെ, വിജനമായ മരുഭൂമിയിൽ ഒറ്റ പ്പെട്ട് പോയത് പോലെ, ശരീരമാകെ പൊള്ളുന്നത് പോലെ, ഒന്നിലധികം ദുരാത്മാവുകൾ ആക്രമിക്കുന്നത് പോലെയുമൊക്കെയുള്ള അനുഭവങ്ങളുണ്ടാകും.വേറെ ചിലർക്ക് കൊടുംവനത്തിൽ അകപ്പെട്ടതുപോലെയാകും. ക്രൂരമൃഗങ്ങൾ ആക്രമിക്കും. വിഷപ്പാമ്പുകൾ പൊടുന്നനെ തലപൊക്കും. യാത്രദുർഘടം പിടിച്ചതാകും.ജീവനോടെ പുറത്ത് കടക്കുമോ എന്നവർ ഭയപ്പെടും.
അകത്ത് ആകെ ഒറ്റമുറിയേ ഉള്ളൂ എന്നും കംപ്യൂട്ടർ സംവിധാനം ഉപയോഗിച്ച് ഓരോരുത്തർക്കും വ്യ ത്യസ്ഥ അനുഭവങ്ങൾ സൃഷ്ടിക്കുന്നതാണ് എന്നും ചിലർ പറഞ്ഞു.വേറെ ചിലർ പറഞ്ഞത് ഭൂഗർഭത്തിൽ അനേ കം അനുഭവങ്ങളുടെ പലതരം മുറികൾ ഒരുക്കിയിട്ടുണ്ടെന്നും ഓരോരുത്തരേയും പ്രവേശിപ്പിക്കുമ്പോൾ അയാൾ ക്ക് വേണ്ടി ഒരു മുറി തുറന്ന് വരുന്നതാണെന്നും ആയിരുന്നു.ഇതിനിടെ മറ്റൊരു കാര്യം കൂടി പ്രചരിച്ചു.ഉള്ളിൽ പ്രവേശിച്ച് കഴിഞ്ഞാൽ അവസാനത്തെ കോട്ടയിൽ നിന്ന് മാത്രമേ പാർക്കിന് പുറത്തേയ്ക്ക് പോകാൻ കഴിയൂ. അവസാനകോട്ട കാണാതെ വന്ന വഴി തിരിച്ച് പോകാനാവില്ല.
അതെന്താ അങ്ങനെ?
പാർക്ക് അതിവിസ്തൃതമാണ് എന്ന് പറഞ്ഞല്ലോ?അതിനുള്ളിൽ അനേകം ചെറുകെട്ടിടങ്ങൾക്കുള്ളിലാ ണ് ഒരോ വിനോദോപാധിയും ഉള്ളത്. എല്ലാ കെട്ടിടങ്ങളും ഒരു പോലിരിക്കും.അവിടേയ്ക്കുള്ള വഴികളും ഒരു പോലെ,വഴിയിൽ കാണുന്ന കാഴ്ചകളെല്ലാം ഒരുപോലെ. ഇടത്തോട്ടും വലത്തോട്ടും പിരിഞ്ഞ് പോകുന്ന അനേ കം വഴികളുണ്ട്. തിരിച്ച് പോകാൻ ശ്രമിച്ചാൽ ഉറപ്പായും വഴിതെറ്റും. അക്ഷരാർത്ഥത്തിൽ ഒരു രാവണൻ കോട്ട. ഒരു ലാബിറിന്ത്. ബാലമാസികയിലെ മോട്ടുമുയലിനെപ്പോലെയാകും അവിടെ നിങ്ങൾ. പുറത്തേയ്ക്കുള്ള വഴി കണ്ടെത്താൻ ആരെങ്കിലും സഹായിക്കാതെ പറ്റില്ല. എന്നാൽ പാർക്കിലെ കാവൽക്കാർ ആരും ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കില്ല. അങ്ങനെ തിരിച്ച് പോകാൻ ശ്രമിച്ച് വഴി തെറ്റി പാർക്കിനുള്ളിൽ ചുറ്റിക്കറങ്ങുന്ന അനേകം പേരവിടെയുണ്ടത്രേ. അവർ പാർക്കിനുള്ളിൽ ഇപ്പോഴും ഭിക്ഷയാചിച്ചും മറ്റും കഴിയുന്നു.
അവസാനത്തെ കോട്ടയിലേയ്ക്കുള്ള പ്രവേശനം തന്നെ വ്യത്യസ്ത രൂപത്തിലാണ്. ഓരോരുത്തരെയായി മാത്രമേ അകത്തേയ്ക്ക് കടത്തിവിടൂ. ഒരാളെ അകത്തേയ്ക്കു വിട്ടാൽ കുറച്ച് സമയത്തിന് ശേഷമേ അടുത്തയാൾക്ക് പ്രവേശനം സാദ്ധ്യമാകൂ. അയാൾക്കുള്ള വ്യത്യസ്ത കാഴ്ച ഒരുക്കാനുള്ള സമയം ഏടുക്കുമല്ലോ.അവസാന കോട്ടയിൽ പ്രവേശിച്ചാൽ പിന്ന പാർക്കിലേയ്ക്ക് തിരിച്ച് വരാനാവില്ല.കോട്ടയ്ക്ക് പുറത്തേയ്ക്കുള്ള വഴി പാർക്കിനും പുറത്തേയ്ക്കുള്ള വഴി തന്നെയാണ്.
ഞാൻ പാർക്കിലേയ്ക്കു കടക്കുമ്പോൾ സാധാരണപോലെയുള്ള തിരക്ക് ഉണ്ടായിരുന്നില്ല.അവിടിവിടെയായി വളരെ കുറച്ച് പേർ മാത്രം. ചുവന്ന തെരുവും പ്രണയമൂലയും എന്നെ ആകർഷിച്ചില്ല. കുറച്ച് സമയം ഒരു നാടകം കണ്ടു.പന്ത്രണ്ടാം നൂറ്റാണ്ടിലോ മറ്റോ ഉണ്ടായിരുന്ന ഒരു രാജകുടുംബത്തിലെ വിദൂഷകന്റെ കഥയായി രുന്നു നാടകത്തിൽ.സ്വാഭാവികമായും ഒരു തമാശനാടകം. നടീനടന്മാർക്ക് വലിയ അസ്വാഭാവികത തോന്നി പ്പിക്കുന്ന എടുപ്പും നടപ്പുമായിരുന്നു. നടിമാരെല്ലാം അസാമാന്യമാംവിധം പൊക്കമുള്ളവരായിരുന്നു. അവർ വെളുത്ത് മെലിഞ്ഞിരുന്നു. ഉരുണ്ട മാറിടങ്ങളും ഓമനത്തം തോന്നിപ്പിക്കുന്ന നിതംബവും ഏറ്റവും ആകർഷകമായി പ്രേക്ഷകർക്ക് തോന്നത്തക്കവിധമാണ് അവരുടെ വസ്ത്രം രൂപകൽപ്പന ചെയ്തിരുന്നത്. നാടകം കഴിഞ്ഞ് മദ്യശാലയിലൊന്ന് കയറി.വില വളരെക്കുറവാണവിടെ. ഞാൻ ചെല്ലുമ്പോൾ അവിടെയും കുറച്ച് പേർ മാത്രം. നീണ്ട് വെളുത്ത അങ്കി ധരിച്ച ഒരാൾ ബിയർ മോന്തുന്നുണ്ടായിരുന്നു. അയാളൊരു പുരോഹിതനാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. പിന്നൊരാൾ ഇടയ്ക്കൊക്കെ സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഒരു എക്സ്ട്രാ നടി. മറ്റാരും എനിക്ക് പരിചയമുള്ളവരായി ഉണ്ടായിരുന്നില്ല. ബിയർകടയിൽ നിന്നിറങ്ങി ഞാൻ മുന്നോട്ട് നടന്നു. വഴിയിൽ പലവിധ കാഴ്ചകൾ പിന്നിട്ട് അവസാനത്തെ കോട്ടയുടെ വാതിൽക്കലെത്തി.
അപ്പോൾ നേരം വൈകിയിരുന്നു.സന്ധ്യമയങ്ങാൻ തുടങ്ങുന്നു. കോട്ടയ്ക്ക് മുന്നിൽ വളരെ കുറച്ച് പേർ മാത്രം.ഒരു ഭാര്യയും ഭർത്താവും രണ്ട് പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബം കോട്ടയിലേയ്ക്ക് പ്രവേശിക്കാൻ ടിക്കറ്റെടുത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. പെൺകുട്ടികളിൽ ഒരാൾ കൗമാരത്തിന്റെ അവസാന പാദത്തിൽ എത്തിയിരുന്നു. പത്ത് വയസ്സിൽ താഴെ തോന്നിക്കുന്ന ബാലികയായിരുന്നു രണ്ടാമത്തെ കുട്ടി. കോട്ടയിൽ പ്രവേശിക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ കാത്തുനിൽക്കുന്നവർക്ക് നേരമ്പോക്കിന് ചില വകകൾ അവിടെ ഒരുക്കിയിട്ടുണ്ട്.അടുത്തുള്ള പുസ്തകശാലയിൽ നിന്ന് പുസ്തകമെടുത്ത് വായിക്കാം. ആൾക്കൂട്ടത്തിനിടയിലൂടെ ഓടിയും ചാടിയും വരുന്ന ഒരു സംഘം കോമാളികൾ ഒരുക്കുന്ന രസക്കാഴ്ചകൾ കാണാം. അടുത്ത് തന്നെ സ്ഥാപിച്ചിട്ടുള്ള ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന ഓപ്പറെകൾ കണ്ടുകൊണ്ടും നിങ്ങൾക്ക് സമയം പോക്കാം. ഞാൻ ചെല്ലുമ്പോൾ വ്യത്യസ്ത സ്പീഷീസുകളിൽ ഉൾപ്പെടുന്ന ജീവികൾ തമ്മിൽ ഇണചേരുമോ എന്ന ശാസ്ത്രചർച്ചയാണ് ടെലിവിഷനിൽ നടന്നിരുന്നത്. അത് സ്വാഭാവികവും എപ്പോഴും സംഭവിക്കാവുന്നതുമായ ഒരു കാര്യമാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു ജീവശാസ്ത്രകാരനാണ് അപ്പോൾ സംസാരിച്ച് കൊണ്ടിരുന്നത്.
പെട്ടന്നാണ് നാലഞ്ച് ചെറുപ്പക്കാർ കോട്ടയിലേയ്ക്കുള്ള വരിയിൽ എത്തിയത്. അരയുടെ മദ്ധ്യഭാഗത്ത് നിന്ന് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന,ഇപ്പോൾ ഊർന്ന് വീണ് പോകുമെന്ന് തോന്നിപ്പിക്കുന്ന,അയഞ്ഞ് ജീൻസ്. അരയ്ക്ക് തൊട്ടുമുകളിൽ എത്തുന്ന നീളം കുറഞ്ഞ ഷർട്ട്. ഒരുത്തൻ നീട്ടി വളർത്തിയ മുടി തലയ്ക്ക് മുകളിൽ മദ്ധ്യഭാ ഗത്തായി കെട്ടി വച്ചിരിക്കുന്നു.മറ്റൊരാൾക്ക് വീതുളി പോലെ കൃതാവ് കവിളിലേയ്ക്ക് പടർന്ന് കയറിയിട്ടുണ്ട്. വേറൊരുത്തൻ ച്യൂയിംഗം പോലെ എന്തോ ഒന്ന് ചവയ്ക്കുന്നുണ്ട്. എല്ലാവർക്കും ചത്ത മീനിന്റേതെന്നപോലെ നിർജ്ജീവമായ കണ്ണുകൾ. ആക്രമണോത്സുകമായ മുഖം. എന്താണവരുടെ ഇഷ്ടവിഭവം, പെത്തഡിനോ മാരിജു വാനയോ?
അടുത്ത നിമിഷം അവിടുത്തെ വെളിച്ചം അണയുകയും ഒരു ആംബുലൻസിന്റെ ചൂളം വിളി ഉയരുകയും ചെയ്തു. എല്ലാവരും നിശബ്ദരായി.ആരോ ഒരാൾക്ക് കോട്ടയിൽ പ്രവേശിക്കാൻ സമയമായതിന്റെ അടയാളമാ യിരുന്നു അത്. ഭയപ്പെടുത്തുന്ന ചൂളം വിളിയോടെ അപ്രതീക്ഷിത വേഗത്തിൽ ആംബുലൻസ് വന്നു നിൽക്കുകയും അതിന്റെ വാതിൽ അതിവേഗത്തിൽ തുറക്കപ്പെടുകയും ചെയ്തു. ആൾക്കൂട്ടത്തിൽ നിന്ന് അൽപ്പം മെലിഞ്ഞ ഒരു മദ്ധ്യവയസ്ക്കൻ അതിവേഗത്തിൽ ആംബുലൻസിലേയ്ക്ക് വലിച്ചെടുക്കപ്പെട്ടത് പോലെ അകത്ത് കടന്നു. വാ തിൽ അടഞ്ഞു.അയാൾ അവസാനത്തെ കോട്ടയിൽ പ്രവേശിച്ചു.
അയാൾക്ക് എന്തുതരം അനുഭവമായിരിക്കും കോട്ടയിൽ കാത്ത് വച്ചിരിക്കുന്നത്? ഞാൻ വെറുതേ ചിന്തിച്ചു.
അപ്പോൾ അവിടെ എല്ലാ വിളക്കുകളും വീണ്ടും പ്രകാശിച്ചു.കാര്യങ്ങൾ പഴയ മട്ടിലേയ്ക്ക് തിരിച്ചുവന്നു. ഞാൻ ടി.വി യിലേയ്ക്ക് നോക്കി. അവിടെ വ്യത്യസ്ത സ്പീഷീസുകൾ ഇണ ചേരും എന്ന് തെളിയിക്കാനായി ശാസ്ത്രജ്ഞൻ ഒരു വീഡിയോ പ്രദർശിപ്പിക്കുന്നു. ഒരു ആൺ ജിറാഫ് പെൺ കഴുതയോട് ഇണ ചേരുന്നതായിരുന്നു ആ വീഡിയോ.അവിടേയ്ക്ക് അപ്പോൾ മാത്രം കടന്ന് വന്ന ചെറുപ്പക്കാരി ലൊരാൾ കൗമാരം കടക്കാൻ തുടങ്ങുന്ന പെൺകുട്ടിയെ നോക്കി ചുണ്ട് കൂർപ്പിച്ച് നാവ് വായുടെ മുകൾത്തട്ടിൽ ഞൊട്ടി ഒരു ശബ്ദമുണ്ടാക്കി. ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ പെൺകുട്ടിയോട് ടി.വി യിലേയ്ക്ക് കൈ ചൂണ്ടി അവൻ എന്തോ പറഞ്ഞു. അവളുടെ മുഖത്ത് കോപവും അറപ്പും കലർന്ന ഒരു ഭാവം മിന്നി മറഞ്ഞു. അവൾ പൊടുന്നനെ മുഖം തിരിച്ചു.
ഞാൻ അടുത്തുള്ള പുസ്തക അലമാരിയിൽ നിന്ന് ഒരു പുസ്തകം വായിക്കാനെടുത്തു.ആൽവിൻ ടോഫ്ളറുടെ ഫ്യൂച്ചർ ഷോക്ക്. അത് പുറത്ത് വന്നിട്ട് ഇപ്പോൾ അമ്പതിലേറെ വർഷങ്ങളായിട്ടുണ്ട്. പ്രതീക്ഷിക്കാത്ത വേ ഗത്തിൽ നമുക്കു മുന്നിൽ ഭാവി വന്നുപെടുമ്പോൾ അതിനെ ഉൾക്കൊള്ളാനാകാതെ സംഭ്രമത്തിലാകുന്ന അവസ്ഥയ്ക്ക് ടോഫ്ളർ നൽകിയ വിശേഷണമാണ് ഫ്യൂച്ചർ ഷോക്ക് അഥവാഭാവിയുടെ ആഘാതം. ഞാൻ വെറുതെ പുസ്തകത്തിന്റെ താളുകൾ മറിച്ചു.അപ്പോഴും പ്രകാശം അണയുകയും ആംബുലൻസിന്റെ നിലവിളി ശബ്ദം ഉയരുകയും ചെയതു.ആരാണ് എന്നറിയാൻ ഞാൻ തലപൊക്കി നോക്കി. പെൺകുട്ടികളുടെ പിതാവ് വളരെ വേഗത്തിൽ ആംബുലൻസിനുള്ളലേയ്ക്ക് വലിച്ചെടുക്കപ്പെട്ടു. പിതാവ് പെട്ടന്ന് അകത്തേയ്ക്ക് പോയപ്പോൾ മുതിർന്ന പെൺകുട്ടിക്ക് ഒരങ്കലാപ്പുണ്ടായത് പോലെ തോന്നി. സുരക്ഷിതത്വം നഷ്ടപ്പെട്ട നിസ്സഹായയെപ്പോലെ അവൾ ചുറ്റും നോക്കി. പിന്നെ അമ്മയോട് ഇത്തിരി കൂടി ചേർന്നു നിന്നു.
അപ്പോഴാണ് ഒരു കാര്യം എനിക്ക് മനസിലായത്.ആരോണോ അകത്തേയ്ക്ക് പോകേണ്ടത് അയാൾ ക്ക് ആംബുലൻസ് എത്തുന്നതിന് തൊട്ട് മുമ്പ് ഒരു സന്ദേശം കിട്ടുന്നുണ്ട്.പക്ഷേ അത് മറ്റാർക്കും കൈമാറാൻ അയാൾക്ക് കഴിയില്ല.സ്വയം ഒന്നു തയ്യാറെടുക്കുമ്പോഴേയ്ക്കും ആംബുലൻസ് എത്തിയിരിക്കും.എന്റെ ചിന്ത അത്രയുമെത്തിയപ്പോൾ ടി.വി യിലെ ശാസ്ത്രജ്ഞൻ തന്റെ വിഷയത്തിന്റെ വിശദാംശങ്ങളിലേയ്ക്ക് കടന്നിരു ന്നു.
ആ പെൺകുട്ടികളും അമ്മയും അടുത്തത് ആരാവും എന്ന ചർച്ചയിലേയ്ക്ക് കടന്നു.ഇളയ മകൾ ചോദിച്ചു, അച്ഛനവിടെ എന്താ അമ്മേ കാണുന്നത്?
അറിയില്ല മോളേ,എന്ന് അമ്മയുടെ മറുപടി.
നല്ല കാഴ്ച മതിയായിരുന്നു എന്ന് ചെറിയ പെൺകുട്ടി
നമുക്ക് മനേജരോട് പറഞ്ഞാലോ... അച്ഛന് നല്ല കാഴ്ചകൾ കൊടുക്കാൻ എന്ന് മുതിർന്ന പെൺകുട്ടി.
അതിന് മാനേജർ എവിടാ?
ശരിയാണ്. മാനേജരെ ആരും കണ്ടിട്ടില്ല. ഓരോരുത്തരും അവരവരുടെ ഭാവനയിൽ മാനേജരെ നിർവചിക്കാനും വിശദീകരിക്കാനും ശ്രമിച്ച് കൊണ്ടിരുന്നു
അപ്പോൾ ടി.വി.യിൽ ഒരു ആനയും കാണ്ടാമൃഗവും ഇണ ചേരാൻ ശ്രമിക്കുന്ന വീഡിയോ പ്രദർശി പ്പിച്ച് കൊണ്ടിരുന്നു.ലോ വെയിസ്റ്റ് ജീൻസ് ധരിച്ച ഒരു ചെറുപ്പക്കാരൻ വീണ്ടും നാവ് ഞൊട്ടി.അമ്മയും മുതി ർന്ന പെൺകുട്ടിയും ഒരേ സമയം തിരിഞ്ഞു നോക്കി.ചെറുപ്പക്കാരൻ അമ്മയോടും മകളോടും ഒന്നിച്ച് ടി.വിയിലേയ്ക്ക് വിരൽ ചൂണ്ടി. ഒന്നുനടുങ്ങിയ അമ്മ മകളെ ചേർത്തു പിടിച്ചു. മകൾ ഭീതിയോടെ അമ്മയോട് ചേർന്നു നിന്നു. ചെറുപ്പക്കാരിലൊരാൾ പല്ലിളിച്ച് കൊണ്ട് ചെറിയ പെൺകുട്ടിക്കടുത്തേയ്ക്ക് വന്നു.വികൃതമായി ചിരിച്ച് കൊണ്ട് അവൻ അവളുടെ കവിളിൽ തട്ടി ഓമനിച്ചു.അവൾ ഭയന്ന് ചൂളി.പെട്ടന്ന് പ്രകാശം അണഞ്ഞു.ആംബു ലൻസിന്റെ ശബ്ദം കേട്ടില്ല.അടുത്ത നിമിഷം പ്രകാശം വന്നു. ഒപ്പം ഒരു ഭീമൻ വൈദ്യുതി ജനറേറ്ററിന്റെ പേടി പ്പിക്കുന്ന മുരൾച്ചയും ഉയർന്നു.വൈദ്യുതി ബന്ധം പോയതാണ്. ആ സ്ഥിതിയിൽ ജനറേറ്റർ പ്രവർത്തിക്കാൻ ഒരു നിമിഷം പോലും എടുത്തില്ല. അത്ര മികച്ച സംവിധാനമാണിവിടെ. എന്നാൽ അസ്വസ്ഥജനകമായ ഒരു ദുഃസൂചന പോലെ ചില വിളക്കുകൾ തെളിയാതെ നിന്നു. അവിടമാകെ വെളിച്ചം അൽപ്പം മങ്ങി. വീണ്ടും വെളിച്ചം അണഞ്ഞു.ആംബുലൻസിന്റെ ശബ്ദം.നിലവിളി ശബ്ദം.ആംബലൻസ് വന്നു.വാതിൽ തുറക്കപ്പെട്ടു. അമ്മ അതിനുള്ളിലേയ്ക്ക് വലിച്ചെടുക്കപ്പെട്ടു.ആംബുലൻസ് പോയി.വെളിച്ചം വന്നു. ജനറേറ്ററിന്റെ മൂളൽ കൂടുതൽ ഉച്ചത്തിലായി.ഇപ്പോൾ പെൺകുട്ടികളുടെ ഒരു തരം അനാഥത്വം പ്രത്യക്ഷപ്പെട്ടു.ചെറിയ പെൺകുട്ടിയുടെ മുഖത്ത് ഭയം ഇരച്ച് കയറി.അവളിപ്പോൾ കരയും എന്ന ഘട്ടത്തിലെ ത്തി. മുതിർന്ന പെൺകുട്ടി വല്ലാതെ വിളറി, വിവശയായി.
ഞാൻ പുസ്തകം മടക്കി. ചെറുപ്പക്കാരുടെ ചുണ്ടിൽ വന്യമായ ഒരു ചിരി പ്രത്യക്ഷപ്പെട്ടു.അവർ കുറച്ചു കൂ ടി പെൺകുട്ടികളോട് ചേർന്നു് നിന്നു.മുതിർന്ന കുട്ടിയുടെ ശ്വാസമിടിപ്പ് ശക്തിയായി പ്രകടമായിരുന്നു. ചെറിയ കുട്ടി ഭയപ്പാടോടെ ചേച്ചിയോട് ചേർന്നുനിന്നു.ആ നെഞ്ചിടിപ്പ് കണ്ടപ്പോൾ അവളുടെ ഹൃദയം ഉടഞ്ഞ് പോവുകയാണ് എന്നെനിക്ക് തോന്നി.ചെറുപ്പക്കാരുടെ നേതാവിന്റെ ചുണ്ടിൽ ഒരു ചുരമാന്തൽ ആംഗ്യം പ്രത്യക്ഷപ്പെട്ടു.അവൻ ആ ചെറിയ കുട്ടിയുടെ കാതിൽ എന്തോ പറഞ്ഞു.അവളുടെ ചുണ്ടുകൾ കരച്ചിൽ വന്ന് കൂമ്പാൻ തുടങ്ങി.കണ്ണുകളിൽ നിസ്സഹായതയുടെ നടുക്കം പ്രത്യക്ഷപ്പെട്ടു. ശരീരമാകെ ദുർഗന്ധം വമിക്കുന്ന അഴുക്ക് പുരണ്ടത് പോലെ അവൾ ചൂളി.ഭീകരമായി അപമാനിക്കപ്പെടുന്നത് പോലെ അവൾ അവളിലേയ്ക്ക് തന്നെ ഒളിക്കാൻ ശ്രമിക്കുന്നത് പോലെ.മുതിർന്ന പെൺകുട്ടി പേടിച്ചരണ്ട കണ്ണുകളോടെ ചുറ്റും നോക്കി. അവിടെ നിന്നിരുന്ന ആരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഞാനൊന്ന് നോക്കി. ഇത്രയും വലിയൊരു പാർക്കിന്റെ ഈ അവസാന ഭാഗത്ത് ഒരൊറ്റ കാവൽക്കാരനുമില്ലല്ലോ എന്ന് ഞെട്ടലോടെ ഓർത്തു. ഇപ്പോൾ ചെറുപ്പക്കാർ നാലുപേരും പെൺകുട്ടികൾക്ക് ചുറ്റുമായി എത്തി. എന്റെ നെഞ്ചിന് മുകളിൽ ഒരു വലിയ കരിങ്കല്ല് എടുത്ത് വച്ചത് പോലെ വല്ലാതെ ശ്വാസം മുട്ടി. ഞാൻ പുസ്തകം മടക്കി വച്ചു. മുതിർന്ന പെൺകുട്ടി ദയനീയ ഭാവത്തിൽ എന്നെ നോക്കി.
ഇല്ല, മറ്റൊരാൾ അവരെ സഹായിക്കാനില്ല. ഞാൻ എഴുന്നേറ്റു,വെളിച്ചം പിന്നെയും മങ്ങി. ജനറേറ്ററിന്റെ ശബ്ദം പിന്നെയും ഉച്ചത്തിലായി.ചെറുപ്പക്കാർ പല്ലിളിച്ച് കൊണ്ട് പെൺകുട്ടികളോട് വീണ്ടും അടുത്തു.അവസാനമായി ഒരാശ്രയത്തിനായി ആ കുട്ടികൾ എന്നെ നോക്കി. ഞാൻ എന്റെ മുണ്ട് മടക്കിക്കുത്തി. ചെറുപ്പക്കാരിലൊരാൾ മുതിർന്ന പെൺകുട്ടിയുടെ കവിളിലേയ്ക്ക് കൈ നീട്ടി. അത് തടയാൻ ഞാൻ മുന്നോട്ടാഞ്ഞു,പെട്ടന്ന് എനിക്ക് ഒരു അസ്വസ്ഥത തോന്നി. ആറാമിന്ദ്രിയത്തിലൂടെ ഒരജ്ഞാത സന്ദേശം എത്തുന്നത് പോലെ, സിരകളിലൂടെ ഒരു വൈദ്യുതി തരംഗം കടന്ന് പോകുന്നത് പോലെ എനിക്കനുഭവപ്പെട്ടു. ചെറിയ പെൺകുട്ടിയിൽ നിന്ന് ഒരു നിലവിളി ശബ്ദം ഉയർന്നത് ഞാൻ കേട്ടു. പെട്ടെന്ന് വെളിച്ചം വല്ലാതെ മങ്ങി. അപ്പോൾ വീണ്ടും ആംബുല ൻസിന്റെ നിലവിളി ശബ്ദം ഉയർന്നു. ഞാൻ വല്ലാതെ പരവശനായി. തൊട്ടുമുന്നിൽ ഒരു ആംബുലൻസിന്റെ വാതിൽ കരകര ശബ്ദത്തോടെ തുറക്കപ്പെടുന്നത് ആ മങ്ങിയ വെളിച്ചത്തിലും ഞാൻ കണ്ടു. എന്തെങ്കിലും പറയാൻ അവസരം കിട്ടും മുമ്പ് ഒരു ചുഴലിക്കാറ്റിൽ പെട്ടിട്ടെന്ന വണ്ണം ഞാൻ ആംബലൻസിനുള്ളിലേയ്ക്ക് ശക്തിയായി വലിച്ചെടുക്കപ്പെട്ടു. ആംബുലൻസിന്റെ വാതിൽ അടഞ്ഞു.അടയുന്നതിന് തൊട്ട് മുമ്പ് ആ മുതിർന്ന പെൺകുട്ടിയുടെ കരൾ പിളരും മട്ടിൽ ഉച്ചത്തിലുള്ള ഒരാർത്തനാദം ഞാൻ കേട്ടു. പിന്നെ ഭയാനകമായ ഇരുട്ടും നിശബ്ദതയും മാത്രമായിരുന്നു! ഞാനെങ്ങോട്ടാണ് വീഴുന്നത്?