bjp

തിരുവനന്തപുരം : തൊണ്ണൂറിന് മുകളിൽ സീറ്റിൽ മത്സരിച്ചിട്ടും കേവലം 22 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രചാരണം ആരംഭിച്ചപ്പോൾ തോൽവിയുണ്ടായാൽ കോൺഗ്രസിന്റെ ഭാവിതന്നെ ഇരുളിലാകും എന്ന മുന്നറിയിപ്പ് രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചതാണ്. അതിനുള്ള കാരണം കേരളത്തിൽ ബി ജെ പിയുടെ വളർച്ചയായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം വഴി നിയമസഭയിലേക്ക് അക്കൗണ്ട് തുറന്ന ബി ജെ പി ഇക്കുറി അത് രണ്ടക്ക സംഖ്യയായി വർദ്ധിപ്പിക്കും എന്ന അവകാശവാദമാണ് ഉയർത്തിയിരുന്നത്. ഇതോടെ കോൺഗ്രസ് പരാജയപ്പെട്ടാൽ അത് ബി ജെ പിക്ക് വളമാകും എന്ന വികാരം ശക്തമാകാൻ ഇടയാക്കി. എന്നാൽ ബി ജെ പിയുടെ കൈയ്യിലുണ്ടായിരുന്ന സീറ്റ് കൂടി ഇടത് തരംഗത്തിൽ നഷ്ടപ്പെടുകയാണ് ഉണ്ടായത്. അത് കോൺഗ്രസിനെ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കാം.

ബി ജെ പിയുടെ യു ടേൺ

അക്കൗണ്ട് തുറക്കാൻ പറ്റാത്ത പാർട്ടി എന്ന ഏറെ നാളായുള്ള ചീത്തപ്പേര് കേരളത്തിൽ ബി ജെ പി അവസാനിപ്പിച്ചത് 2016ലെ തിരഞ്ഞെടുപ്പോടെയാണ്. നേമത്ത് ഒ രാജഗോപാൽ മിന്നും ജയം കരസ്ഥമാക്കിയതോടെയായിരുന്നു അത്. പിന്നീട് വന്ന ലോക്സഭ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം മണ്ഡലത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും നേമത്ത് 12000 വോട്ടിന് ബി ജെ പി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ മുന്നിട്ട് നിന്നത് ബി ജെ പിയുടെ കണക്ക്കൂട്ടൽ എളുപ്പമാക്കി. എന്നാൽ 2021 നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ യു ഡി എഫും എൽ ഡി എഫും അണിനിരത്തിയപ്പോൾ നേമത്തെ അക്കൗണ്ട് ബി ജെ പിക്ക് പൂട്ടിക്കെട്ടേണ്ടിവന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അക്കൗണ്ട് തുറക്കാത്ത പാർട്ടി എന്ന വിശേഷണം ബി ജെ പിക്ക് സ്വന്തമായിരിക്കുകയാണ്.


ബി ജെ പിയുടെ സ്വപ്നവും കോൺഗ്രസിന്റെ ഭയവും

കേരളത്തിൽ ആറിടത്തെങ്കിലും താമര വിരിയിക്കാനാകും എന്ന കണക്ക് കൂട്ടലിലായിരുന്നു തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി. ശബരിമല വിഷയവും, സ്വർണക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ, ലാവ്ലിൻ തുടങ്ങി നിരവധി കേസുകളിൽ കേന്ദ്ര ഏജൻസികൾ ഇടത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതുമെല്ലാം തങ്ങൾക്ക് അനുകൂലമാവും എന്ന കണക്ക് കൂട്ടലിലായിരുന്നു അവർ. ഒടുവിലായി ഇ ശ്രീധരനെ പോലെ കേരളജനത ആരാധിക്കുന്ന വ്യക്തിത്വത്തെ ബി ജെ പിയിലേക്ക് കൊണ്ടുവന്നതുമെല്ലാം വൻ വളർച്ച തങ്ങൾ കൈവരിക്കും എന്ന പ്രതീതിയുണ്ടാക്കാൻ ബി ജെ പിക്കായി.

അതേസമയം പാർട്ടിയുമായി അടുത്ത കേന്ദ്രങ്ങളിലൂടെ ബി ജെ പിയുടെ പടയൊരുക്കം 2026ലെ നിയമസഭ തിരഞ്ഞെടുപ്പിലേക്കാണെന്ന വിവരവും പുറത്തായിരുന്നു. ത്രിപുര മോഡലിൽ കോൺഗ്രസിനെ ഇല്ലാതാക്കി സി പിഎമ്മിനെ പുറത്താക്കുക എന്ന തന്ത്രമായിരുന്നു ഇതിനായി അവർ പരീക്ഷിച്ചത്. എന്നാൽ അതിനുള്ള ശക്തമായ അടിത്തറയുണ്ടാക്കാൻ കുറഞ്ഞത് അഞ്ചിടത്തെങ്കിലും താമര വിരിയിക്കേണ്ടത് ബി ജെ പിക്ക് ആവശ്യമായിരുന്നു. കൂടാതെ വിവിധ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി കോൺഗ്രസിനെ മൂന്നാമതാക്കേണ്ട ആവശ്യവുമുണ്ടായിരുന്നു. എന്നാൽ വിവിധ ജില്ലകളുടെ വോട്ടിംഗ് നില പരിശോധിച്ചാൽ ശബരിമല സമരത്തിന്റെ പ്രഭവകേന്ദ്രമായ പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും ബി ജെ പി വോട്ട് നില മുൻ വർഷത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. എറണാകുളം ജില്ലയിൽ മാത്രം മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലക്ഷം വോട്ടുകളുടെ കുറവാണ് ബി ജെ പിക്ക് ഉണ്ടായിട്ടുള്ളത്.

ജയവും തോൽവിയും മാറി മാറി വരുന്ന കേരളത്തിന്റെ പതിവ് തിരഞ്ഞെടുപ്പ് കാഴ്ചയ്ക്ക് അവസാനം കുറിച്ചിരിക്കുകയാണ് ഇക്കുറി. നന്നായി വിയർത്ത് പണിയെടുത്താൽ മാത്രമേ ഭരണം പിടിക്കാനാവു എന്ന് പ്രതിപക്ഷത്തിന് മനസിലാക്കികൊടുക്കുന്നതാണ് ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പ്.