ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ആലപ്പുഴ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് എം ലിജു രാജിവച്ചു. ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ലിജു സ്ഥാനം രാജിവച്ചിരിക്കുന്നത്. രാജിക്കത്ത് അദ്ദേഹം കെ പി സി സിക്ക് കൈമാറി.
ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. എം ലിജു അമ്പലപ്പുഴയിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ലിജു വ്യക്തമാക്കി. രമേശ് ചെന്നിത്തല അടക്കമുളളവരുമായി ആലോചിച്ചാണ് രാജി തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ പത്തൊമ്പത് മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ആലപ്പുഴയിൽ ഷാനി മോൾ ഉസ്‌മാൻ തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലിജു രാജി സന്നദ്ധത അറിയിച്ചിരുന്നു. നേതൃത്വം വേണ്ടെന്ന് പറഞ്ഞതോടെ അദ്ദേഹം അന്ന് തീരുമാനം മാറ്റുകയായിരുന്നു. എന്നാൽ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം ഏറ്റുവാങ്ങിയതോടെ ലിജുവിന് മുന്നിൽ മറ്റ് വഴികളില്ലായിരുന്നു.