തിരുവനന്തപുരം: ജില്ലയിൽ കൊവിഡിന്റെ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ, ഗ്രാമീണ പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുള്ള ക്രമാതീതമായ വർദ്ധന ആരോഗ്യ വകുപ്പിന് തലവേദന സൃഷ്ടിക്കുന്നു. ഗ്രാമങ്ങളിലെ മാർക്കറ്റുകളും കുടുംബങ്ങളും കേന്ദ്രീകരിച്ച് ക്ളസ്റ്ററുകൾ രൂപപ്പെടുന്നതും ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മാസത്തെ അവസാന ആഴ്ച കണക്കാക്കിയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് പഞ്ചായത്തുകളിൽ 30 ശതമാനമാണ്. അഞ്ച് ദിവസത്തിനിടെ ഗ്രാമീണ മേഖലയിലെ 19 പഞ്ചായത്തുകളിൽ ടി.പി.ആർ 30 ശതമാനത്തിന് മുകളിൽ പോയിട്ടുണ്ട്. ഇതിൽ ബാലരാമപുരം പഞ്ചായത്താണ് ഏറ്റവും മുന്നിൽ. ഏപ്രിൽ 24നും 30 ഇടയിൽ ബാലരാമപുരത്തെ ടി.പി.ആർ 45.39 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആരോഗ്യ വകുപ്പ് ഇവിടെ 575 പേരെ പരിശോധിച്ചതിൽ 261 പേരും പോസിറ്റീവ് ആയിരുന്നു.
റൂം ക്വാറന്റൈൻ ഫലപ്രദമല്ല
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്നതിന് പ്രധാനമായി ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത് റൂം ക്വാറന്റൈൻ ഫലപ്രദമല്ലെന്നതാണ്. കുടുംബങ്ങളിൽ ഒരാൾ രോഗബാധിതരായാൽ തികച്ചും അശ്രദ്ധയോടെ കാര്യങ്ങളെ കാണുന്നതാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ഒന്നുകിൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയാനുള്ള സൗകര്യങ്ങൾ അപര്യാപ്തമായിരിക്കും. അതല്ലെങ്കിൽ കുടുംബാംഗങ്ങളുടെ ശ്രദ്ധക്കുറവായിരിക്കും. പഞ്ചായത്ത് അധികൃതരും ഇതിന് കാര്യമായ ശ്രദ്ധ കൊടുക്കാറില്ല. ഇതും രോഗവ്യാപനത്തിന് കാരണമാകും. ചില കുടുംബങ്ങളിൽ ക്വാറന്റൈനിന് സൗകര്യങ്ങൾ ഉണ്ടെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാകാറില്ല. ഇതും രോഗവ്യാപന സാദ്ധ്യത ഉയർത്തുന്നുണ്ട്.
ഗ്രാമീണ മേഖലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുതലായതിനാൽ തന്നെ ആരോഗ്യ വകുപ്പിന് ഇവരെ കർശനമായി നിരീക്ഷിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ദിവസവേതന വരുമാനക്കാരായ ഒരുപാട് കുടുംബങ്ങൾ ഗ്രാമീണ മേഖലയിലുണ്ട്. ഇവരാകട്ടെ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ പോലും തയ്യാറാകാത്ത സ്ഥിതിയുണ്ട്. നേരിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും ജോലിക്ക്പോകുന്നത് തുടരും. ഇതിന് കാരണമായി പറയുന്നത് അവരുടെ ജീവിത മാർഗം വഴിമുട്ടുമെന്നതാണ്. എന്നാൽ, ഇത് സ്വന്തം ജീവിതം മാത്രമല്ല മറ്റുള്ളവരുടെ ജീവിതം കൂടി അപകടാവസ്ഥയിൽ ആക്കുകയാണ് ചെയ്യുന്നതെന്ന കാര്യം അവർ മറക്കുകയാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
നെടുമങ്ങാടിന് സമീപത്തുള്ള കൊല്ലായിൽ, അരുവിക്കര പഞ്ചായത്തുകളിൽ രോഗബാധ ഇപ്പോഴും ഉയർന്നു തന്നെയാണ് നിൽക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഇവിടെ ടി.പി.ആർ ഉയരുന്ന സ്ഥിതിയാണുള്ളത്. മാത്രമല്ല, ഇവിടെ സമ്പർക്ക വ്യാപനം വഴി രോഗം പകരുന്നതും കൂടുതലാണ്.
നെയ്യാറ്റിൻകര, കാട്ടാക്കട, ചിറയിൻകീഴ് എന്നീ സ്ഥലങ്ങൾക്ക് കീഴിലുള്ള പഞ്ചായത്തുകളിൽ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാണ്. നെയ്യാറ്റിൻകരയിലെ ഏഴ് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും ടി.പി.ആർ 30 ശതമാനത്തിന് മുകളിലാണ്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ 69 എണ്ണം ഉയർന്ന രോഗബാധയുള്ളവയാണെന്ന് ജില്ലാഭരണകൂടം നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.ഇവയിൽ 14 എണ്ണത്തിലെ ടി.പി.ആർ 20 ശതമാനത്തിന് മുകളിലുമാണ്. വിതുര പഞ്ചായത്ത് അത്തരത്തിൽ വേഗത്തിൽ രോഗവ്യാപനം നടക്കുന്ന തദ്ദേശ സ്ഥാപനമാണ്. ഇവിടത്തെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. ബാലരാമപുരത്ത് മൂന്ന് പ്രദേശങ്ങൾ ആണ് കണ്ടെയ്ൻമെന്റ് സോണിൽ പെടുന്നത്.
രോഗവ്യാപനം രൂക്ഷമായതോടെ കാട്ടാക്കട താലൂക്കിലെ ചില പഞ്ചായത്തുകളിൽ ഡൊമിസിലറി കെയർ സെന്ററുകൾ തുറന്നിട്ടുണ്ട്. ഹോസ്‌റ്റലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റെടുക്കുകയും കുറഞ്ഞ് 60 കിടക്കകൾ ഒരുക്കുകയും ചെയ്തു. വീടുകളിൽ സൗകര്യങ്ങളില്ലാത്ത രോഗബാധിതരെ അടിയന്തരമായി ഇവിടങ്ങളിലേക്ക് മാറ്റാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, സി.എഫ്.എൽ.ടി.സികളിലേക്കോ, ഡൊമിസിലറി കെയർ സെന്ററുകളിലേക്കോ മാറാൻ വിമുഖത കാണിക്കുന്ന ജനങ്ങളുടെ നിലപാടുകളും ആരോഗ്യ വകുപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.