e-sreedharan-

പാലക്കാട് : രാജ്യത്തിന് അഭിമാനാർഹമായ നിരവധി പദ്ധതികളിൽ കൈയ്യൊപ്പ് പതിപ്പിച്ച ഇ ശ്രീധരന് പക്ഷേ തിരഞ്ഞെടുപ്പ് ഗോദായിൽ ആദ്യ മത്സരത്തിൽ പരാജയപ്പെടാനായിരുന്നു വിധി. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഴുവൻ സമയവും പങ്കാളിയായിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പാലക്കാട് പട്ടണത്തിൽ എം എൽ എ ഓഫീസ് തുറന്നു എന്നതും വാർത്തയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അവസാന റൗണ്ട് വരെ വിജയ പ്രതീക്ഷ നിലനിർത്തിയ ശേഷമാണ് ശ്രീധരൻ കോൺഗ്രസിലെ ഷാഫി പറമ്പിലിനോട് പരാജയം സമ്മതിച്ചത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രീധരൻ തുറന്ന ഓഫീസിനെ കുറിച്ചായി ചർച്ച. എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം മൂന്ന് സുപ്രധാന പദ്ധതികളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ഇ ശ്രീധരൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജമ്മു കാശ്മീരിലെ ദാൽ തടാകവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. സഞ്ചാരികളുടെ സ്വർഗമായ കാശ്മീരിലെ ദാൽ തടാകം ശുദ്ധീകരിക്കുന്ന പ്രവർത്തിയാണിത്. ജമ്മു ഹൈക്കോടതി നേരിട്ടാണ് ഈ പ്രവർത്തി ഇ ശ്രീധരന് നൽകിയത്. മൂവായിരം കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ശുദ്ധീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ശ്രീധരനെ തിരഞ്ഞെടുത്തത് തന്നെ അദ്ദേഹത്തിൽ കഴിവിൽ കോടതിക്കുള്ള പ്രതീക്ഷമൂലമാണ്. ദാൽ തടാക പുനരുദ്ധാരണ പ്രവർത്തികൾ നേരിട്ട് വിലയിരുത്തുന്നതിനായി കഴിഞ്ഞ മാർച്ചിലും അദ്ദേഹം ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ മാസവും തിരഞ്ഞെടുപ്പ് തിരക്കിനിടയിലും ഓൺലൈനായി മീറ്റിംഗ് നടത്തുകയും ചെയ്തു.

ന്യൂഡൽഹി ആസ്ഥാനമായ 'ദി ഫൗണ്ടേഷൻ ഫോർ റസ്റ്ററേഷൻ ഓഫ് നാഷനൽ വാല്യൂസ്' എന്ന സംഘടനയാണ് ശ്രീധരന്റെ അടുത്ത പ്രവർത്തന മേഖല. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റാണ് അദ്ദേഹം. മെട്രോമാനായി ഡൽഹിയിൽ തുടരുന്ന കാലത്താണ് ഇത്തരമൊരു സംഘടനയെകുറിച്ച് ശ്രീധരൻ ആലോചിക്കുന്നത്.

ജന്മനാടായ കേരളത്തിലും ശ്രീധരന് ചെയ്തു തീർക്കാനൊരു ദൗത്യമുണ്ട്. ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ' എന്ന സംഘടനയുമായി ചേർന്നാണത്. ഭാരതപ്പുഴയെ പുനരുദ്ധാരണം നടത്തുക എന്നതാണ് ആ ദൗത്യം. ഈ മൂന്ന് ചുമതലകളും പൂർത്തീകരിക്കാനുള്ള ജോലിത്തിരക്കിലാണ് അദ്ദേഹം.